മുംബൈ :- ആഗോളതലത്തിൽ അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യ നാലാംസ്ഥാനത്തെന്ന് റിപ്പോർട്ട്. അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണ് മുന്നിൽ. ഇവർക്കുപിന്നിൽ 85,698 പേരുമായി ഇന്ത്യയാണ് നാലാമത്. പ്രോപ്പർട്ടി കൺസൾട്ടിങ് സംരംഭമായ നൈറ്റ് ഫ്രാങ്കിന്റെ ഗ്ലോബൽ വെൽത്ത് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒരു കോടി ഡോളർ (ഏകദേശം 87 കോടി രൂപ) നിക്ഷേപത്തിനായി നീക്കിവെക്കാൻ കഴിയുന്നവരെയാണ് പട്ടികയിൽ അതിസമ്പന്നരായി പരിഗണിച്ചിട്ടുള്ളത്. ആഗോളതലത്തിൽ ഇവരുടെ എണ്ണത്തിൽ 2024-ൽ 4.4 ശതമാനം വർധനയുണ്ടായി. ആകെ ലോകത്ത് 23 ലക്ഷം പേരാണ് ഈ പട്ടികയിൽ വരുന്നതെന്ന് നൈറ്റ് ഫ്രാങ്ക് പറയുന്നു. പത്തു കോടി ഡോളറിനു മുകളിൽ ആസ്തിയുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
അമേരിക്കയാണ് അതിസമ്പന്നരുടെ പട്ടികയിൽ മുന്നിൽ. പട്ടികയിലെ മൊത്തം ആളുകളുടെ 40 ശതമാനം വരുമിത്. ചൈനയിൽ നിന്ന് 20 ശതമാനമാണ്. ജപ്പാനിലിത് അഞ്ചു ശതമാനത്തിനടുത്താണ്. അമേരിക്കയിൽ 9.05 ലക്ഷം പേരും ചൈനയിൽ 4.71 ലക്ഷം പേരും ജപ്പാനിൽ 1.22 ലക്ഷം പേരുമാണ് പട്ടികയിലുൾപ്പെടുന്നത്. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ വളർച യാണ് അതിസമ്പന്നരുടെ വളർച്ചയ്ക്കു സഹാനകമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട് ഫോണുകളുടെ വ്യാപനത്തോടെ ഇന്ത്യയിൽ സംരംഭകത്വ സംസ്കാരം കൂടുതൽ മെച്ചപ്പെട്ടുവരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2024-ൽ മാത്രം ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയിൽ 12 ശതമാനം വർധനയുണ്ടായി. ആകെ 191 പേരിൽ 26 പേരാണ് കഴിഞ്ഞവർഷം പുതുതായി പട്ടികയിലേക്കെത്തിയത്.