CPM ന്റെ ആസ്ഥാന മന്ദിരമായ AKG സെൻ്റർ ഉദ്ഘാടനം നാളെ


തിരുവനന്തപുരം :- സിപിഎമ്മിന്റെ പുതിയ ആസ്ഥാന മന്ദിരമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം നാളെ. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തെങ്കിലും ചടങ്ങ് നേരത്തെ തീരുമാനിച്ചതിനാൽ മുഖ്യമന്ത്രി തന്നെയാണ് ഉദ്ഘാടകൻ. തലസ്ഥാന നഗരത്തിന്റെ ഒത്ത നടുക്ക് തല ഉയർത്തി നിൽക്കുന്ന ഒമ്പത് നില കെട്ടിടത്തിന്‍റെ കവാടം മുതൽ കെട്ടിലും മട്ടിലും വരെ പ്രൗഡിയുടെ കാഴ്ചകളാണ്. പണി പൂർത്തിയായ കെട്ടിടത്തിന്റെ അകക്കാഴ്ചകൾ ഇതുവരെ മാധ്യമങ്ങൾക്ക് പകർത്താൻ അനുവാദം നൽകിയിട്ടില്ല.

പണി പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടും പുതിയ കെട്ടിടത്തിന്റെ അകം കാഴ്ചകൾ പാർട്ടി പരസ്യമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും മറ്റ് മുതിർന്ന നേതാക്കൾക്കും പുതിയ എകെജി സെന്‍ററിൽ പ്രത്യേക സൗകര്യങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും മുറികളുണ്ട്. പാർട്ടി യോഗങ്ങൾക്കും പ്രത്യേക കൂടിക്കാഴിച്ചകൾക്കുമൊക്കെ വിപുലമായ സൗകര്യങ്ങൾ പുതിയ പാർട്ടി ആസ്ഥാനത്തുണ്ടെന്നാണ് വിവരം.  

കോടിയേരി ബാലകൃഷ്ണൻ മുൻകയ്യെടുത്ത് വാങിയ 36 സെന്റിൽ പടുത്തുയർത്തിയ കെട്ടിടത്തിലേക്കാണ് പാർട്ടി ആസ്ഥാനം മാറുന്നത്. കോൺഗ്രസിന് മുൻപെ ഉദ്ഘാടനകനാരെന്ന് പ്രഖ്യാപിച്ചത് കൊണ്ടു തന്നെ പുതിയ ജനറൽ സെക്രട്ടറിക്കും ഉദ്ഘാടനത്തിന്റെ കാര്യത്തിൽ ക്ലെയിമില്ലാതെയായി. രാജ്യത്തെ ഒരേ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാർട്ടി ആസ്ഥാനം നാളെ തുറന്ന് കൊടുക്കും. തുടർന്ന് എകെജി ഹാളിൽ പൊതു സമ്മേളനം നടക്കും. പുതിയ ആസ്ഥാനം വരുന്നതോടെ പഴയ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമാകും.


Previous Post Next Post