കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവത്തോടനുബന്ധിച്ച് താന്ത്രിക ചടങ്ങിൽ പ്രധാനമായ ഉത്സവബലി ദർശിച്ച് ഭക്തർ ദേവ ചൈതന്യം ഏറ്റുവാങ്ങി. അദൃശ്യരൂപികളായ ദേവീ ദേവൻമാരുടെ സംഗമമെന്നാണ് ഉത്സവബലിയെ വിശേഷിപ്പിക്കുന്നത്. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലി കൊടുത്തു തൃപ്തരാക്കുന്നു എന്ന സങ്കല്പത്തിലാണ് ഉത്സവബലി നടത്തുന്നത്.
ക്ഷേത്രോത്സവത്തിന്റെ അഞ്ചാം വിളക്ക് ദിനത്തിൽ നടന്ന ഉത്സവബലി ചടങ്ങിൽ നെയ് വിളക്ക് സമർപ്പിച്ച് തൊഴാൻ ഭക്തരുടെ തിരക്കായിരുന്നു. ക്ഷേത്രപാലന് ബലി തൂകിയതോടെ ഉത്സബലിക്ക് സമാപനമായി. ഇന്ന് ഏപ്രിൽ 15 ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് ചെറുതാഴം ചന്ദ്രൻ മാരാരുടെ പ്രമാണത്തിൽ അൻപത്തിയൊന്ന് വാദ്യ കലാകാരൻമാരുടെ പാണ്ടിമേളം അരങ്ങേറും.
ഉത്സവത്തിന്റെ ആറാം വിളക്ക് ദിനമായ നാളെ ബുധനാഴ്ച രാവിലെയും വൈകുന്നേരവും ആനപ്പുറത്തെഴുന്നെള്ളത്തും രാത്രി 7.30 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നാടകം മിഠായി തെരുവ്, രാത്രി 10 ന് ചന്തം, തിടമ്പുനൃത്തവും ഉണ്ടായിരിക്കും.