ശ്രദ്ധിക്കൂ, ഗതാഗത നിയമ ലംഘനങ്ങൾക്ക് ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങൾ ഇവയൊക്കെയാണ്


തിരുവനന്തപുരം :- ഗതാഗത നിയമ ലംഘനങ്ങൾക്ക് ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങൾ സംബന്ധിച്ച് കർശന നിർദേശമാണ് ഗതാഗത കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. കേന്ദ്രമോട്ടോർ നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രമേ ഇനി ക്യാമറ വഴി പിഴ ചുമത്താനാകൂ. ഉദ്യോഗസ്ഥർ മൊബൈലിൽ ചിത്രം എടുക്കുകയും ഇതുപയോഗിച്ച് ഇ-ചെലാൻ വഴി പിഴ ചുമത്തുകയും ചെയ്യുന്നുവെന്ന് പരാതികൾ ഉയർന്നതോടെയാണ് നടപടി.

ഇനി മുതൽ ക്യാമറ വഴി പിഴ ചുമത്താവുന്ന കുറ്റങ്ങൾ താഴെ പറയുന്നവയാണ്

•അമിതവേഗം

•അനധികൃത പാർക്കിങ്

•ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക

•സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക

•റെഡ് സിഗ്നൽ ലംഘിക്കുക

•ട്രാഫിക് ലെയിൻ ലംഘനം

•വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന വിധത്തിൽ ഭാരം കയറ്റുക

•ചരക്കുവാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുക

•നമ്പർ പ്ലേറ്റിൽ ക്രമക്കേട്

•വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗം

•റോഡിലെ മാർക്കിങുകൾ അനുസരിക്കാതിരിക്കുക

•സിഗ്നൽ ലംഘനങ്ങൾ

വാഹനത്തിന് ആവശ്യമായ രേഖകൾ ഇല്ലാതിരിക്കുന്ന സാഹചര്യങ്ങളിൽ, അതായത് രജിസ്ട്രേഷൻ-ഫിറ്റ്നസ് കാലാവധി കഴിഞ്ഞിരിക്കുക, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കുക, ഇൻഷുറൻ പരിരക്ഷ ഇല്ലാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ മൊബൈലിൽ എടുക്കുന്ന ചിത്രം ഉപയോഗിച്ച് പിഴ ചുമത്തരുതെന്നാണ് നിർദേശം. ടൂറിസ്റ്റ് വാഹനങ്ങൾക്ക് മുകളിൽ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകൾക്ക് പിഴ ഈടാക്കരുതെന്നും ഗതാഗത കമ്മീഷണറുടെ നിർദേശത്തിലുണ്ട്. എന്നാൽ വാഹനങ്ങൾ നിർത്തി പരിശോധിക്കുന്ന വേളയിൽ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോർട്ട് നൽകി പിഴ ഈടാക്കാം.

Previous Post Next Post