ഖാദി വസ്ത്രങ്ങൾ ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും


പയ്യന്നൂർ :- ഖാദി ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും. ഫാഷൻ ലോകത്തെ മാറുന്ന ട്രെൻഡിനൊപ്പമാണ് കേരള ഖാദി ഓൺലൈൻ വിപണിയിൽ കാലെടുത്തു വയ്ക്കുന്നത്. ഇതോടെ നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും ഗ്രാമവ്യവസായ ഉൽപന്നങ്ങളും ലോകത്ത് എവിടെ നിന്നും സ്വന്തമാക്കാം. ഗുണമേന്മയുള്ള ഖാദി വസ്ത്രങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിനാലാണ് കേരള ഖാദിയുടെ പുതിയ ചുവടുവയ്പ്‌പ്. ഖാദി കുട്ടിക്കുപ്പായം മുതൽ പട്ടുസാരികൾ വരെ ലഭ്യമാകും.

ഡിജിറ്റൽ ഫോട്ടോ പ്രിന്റിങ് ഉൾപ്പെടെ നൂതന ഡിസൈനുകൾ ഖാദിയിൽ ചെയ്തു നൽകും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലിറക്കുമെന്നും പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമാണിതെ ന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി ബോർഡ് ഡിജിറ്റൽ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ഡിജിറ്റൽ പ്രചാരണം നടത്തി സ്വയം തൊഴിൽ വരുമാന പദ്ധതിയുടെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയാണ് ഖാദി ബോർഡ്.

ലോകത്തെമ്പാടുമുള്ള മലയാളികൾ കേരള ഖാദി വസ്ത്രങ്ങൾക്ക് ഓൺലൈനിലൂടെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ള യുവതീയുവാക്കൾക്ക് കേരള ഖാദിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഖാദി വൈബ്സ് ആൻഡ് ട്രെൻഡ്‌സിന്റെ ഉൽപന്നങ്ങളുടെ ഡിജിറ്റൽ പബ്ലിസിറ്റി നടത്തി ഡിജിറ്റൽ മാനേജ്മെന്റ് കൺസൽട്ടന്റുമാർ, ഡിജിറ്റൽ മാനേജ്മെന്റ് ഡീലേഴ്സ് എന്ന നിലയിൽ സ്വയം തൊഴിൽ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം. 20 നും 35നും ഇടയിൽ പ്രായമുള്ള പ്ലസ്ടു , ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി സെന്ററിലേക്ക് ഇ-മെയിൽ, വാട്‌സാപ് മുഖേന ബയോഡാറ്റ അയയ്ക്കണം. ഏപ്രിൽ 30നകം അപേക്ഷ ലഭിക്കണം. ഇമെയിൽ : dpkc@kkvib.org, വാട്‌സാപ് നമ്പർ: 9496661527, 9526127474

Previous Post Next Post