കണ്ണൂർ :- വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കെ നാട്ടിൻപുറങ്ങളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. വീടിനടുത്ത് അപ്പോൾ മാത്രം ഉണരുന്ന പടക്കക്കടകൾ കേന്ദ്രീകരിച്ചാണ് രാത്രി വൈകുവോളം വില്പനയും ആഘോഷവും. വീട്ടിൽ നിന്ന് കിട്ടുന്ന പണത്തിന് പടക്കം വാങ്ങി വിഷുവിനായി മിക്കവരും കരുതിവച്ചിട്ടുണ്ട്. ഇടയ്ക്ക് നാട് ഉണർത്താൻ 'സാമ്പിൾ' വെടിക്കെട്ട് നടത്തുന്നുമുണ്ട്. കാലം മാറുന്നതിനനുസരിച്ച് പുതിയ ഇനം പടക്കങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. മേരി ഗോ റൗണ്ട്, ഗോളി നെറ്റ്, വയർ ചക്രം, 100 ഡിജിറ്റൾ, കശ്മീരി കൂൾ പെൻസിൽ, ഓൾ ഈസ് ബെസ്റ്റ്, ജിൽജിൽ, ഫോട്ടോ ഫ്ലാഷ്, പികോക്ക്, ഡ്രംസ്റ്റിക്ക് തുടങ്ങിയ പുതുമയാർന്ന പടക്കങ്ങൾ എത്തിയിട്ടുണ്ട്.
സിനിമാപ്പേരുകളിലും പടക്കമുണ്ട്. കുട്ടികൾക്കായി പൊള്ളലേൽക്കാത്ത പ്രത്യേക പടങ്ങളുമുണ്ട്. വലിയ ഉയരത്തിൽ പോയി പൊട്ടുന്ന സ്‌കൈ ഷോട്ടുകൾക്കും ആവശ്യക്കാർ എറെയാണ്. മാലപ്പടക്കങ്ങൾ, കമ്പിത്തിരി, പൂത്തിരി, നിലച്ചക്രം, പൂക്കുറ്റി തുടങ്ങിയ ഇഷ്ട ഇനങ്ങൾക്കാണ് കൂടുതൽ വില്പന. ആകാശവിസ്മയം തീർക്കുന്ന ചൈനീസ് പടക്കങ്ങൾക്കും ആവശ്യക്കാരുണ്ട്. വിലയിൽ മുൻ വർഷത്തെക്കാൾ വലിയ വർധനയില്ലെന്നതും വൈവിധ്യമാർന്ന പുതിയ തരം പടക്കങ്ങൾ ഉണ്ടെന്നതും പ്രത്യേകതയാണ്. ശിവകാശിയാൽ നിന്നാണ് പടക്കങ്ങൾ ഏറെയും എത്തുന്നത്.