റിയാദ് :- നാട്ടിൽ പോകാനൊരുങ്ങിയ മലയാളി യുവാവ് സൗദിയിൽ ടാങ്കര്‍ ലോറി ഇടിച്ച് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ കണ്ണൂര്‍ മുണ്ടയാട് സ്വദേശി നന്ദനം വീട്ടില്‍ ഉന്‍മേഷ് ഇടവന്‍ പുലിയചെറിയത്താണ് (45) മരിച്ചത്. അൽ ഖോബാറിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അപകടം.
എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടര്‍ കമ്പനിയില്‍ വാച്ച്മാനായിട്ടായിരുന്നു ജോലി. ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് ദാരുണമായ സംഭവം. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.