കണ്ണൂർ :- വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നു പോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. കഴിഞ്ഞവർഷം 20,568 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം. രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.
രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗം പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകിൽ വൈറസിൻ്റെ വിഭജനത്തിനും ഇത് വേഗം കുട്ടുന്നു. ഈഡിസ് കൊതുകിന്റെ ഉറവിടനശീകരണത്തിൽ ശ്രദ്ധിക്കുകയാണ് പ്രതിരോധിക്കാനുള്ള വഴി.
ഫ്ലാവി വൈറസ് വിഭാഗത്തിൽ പ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല് സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റി ബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർ ക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോ ടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ. രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.