ദില്ലി :- പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ മേധാവിയെ പാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവാക്കി. ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി അസിം മാലികിനെയാണ് എൻഎസ്എ ആയി നിയമിച്ചത്. ഏപ്രിൽ 22 ലെ പെഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ പാക്ക് ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് നീക്കമെന്നാണ് വിവരം. 2024 സെപ്റ്റംബർ മുതൽ ഐഎസ്ഐയുടെ മേധാവിയാണ് അസിം മാലിക്ക്. അതിർത്തിയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചു, ഉറി, കുപ്വാര, അഖ്നൂർ മേഖലകളിൽ വെടിവെയ്പ്പുണ്ടായി. ഇന്നലെ നാഷേര, സുന്ദർബാനി, അഖ് നൂർ മേഖലകളിൽ വെടിവെയ്പ്പുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ- പാകിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്. ഇതിനിടെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സൗദി അറേബ്യയും ഇന്നലെ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നത് ഇന്നലെ കേന്ദ്ര സർക്കാർ വിലക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിൽ നിര്‍ണായക യോഗങ്ങളും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സാഹചര്യം വിലയിരുത്തും. ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സർക്കാർ തുടര്‍നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്.
കൊടും ഭീകരൻ ഹാഫീസ് മുഹമ്മദ് സയീദിന്റെ സുരക്ഷക്ക് വേണ്ടി കമാൻഡോകളെ എത്തിച്ചിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്താനിൽ ഹാഫീസ് മുഹമ്മദ് സയീദ് താമസിക്കുന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പാക് കരസേന ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിതി വിലയിരുത്തി. ലോറൻസ് ബിഷ്ണോയി സംഘം ഹാഫിസിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നിൽ ഇന്ത്യയെന്നാണ് പാകിസ്ഥാൻ ഉയർത്തുന്ന ആരോപണം.