കൊളച്ചേരി :- കൊളച്ചേരി, നാറാത്ത്, മയ്യിൽ കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. പലയിടങ്ങളിലും മരങ്ങൾ കടപുഴകിയും വൈദ്യുതി തൂണുകൾ തകരുകയും ചെയ്തു. റോഡിലെ ചെളിയും വെള്ളക്കെട്ടും കാരണം യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കൊളച്ചേരി പാടിയിലിൽ റോഡിന് കുറുകെ മരം കടപുഴകി വീണു. നാട്ടുകാരെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കരിങ്കൽക്കുഴി തിലക് പാർക്കിലെ മരം വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തൂൺ തകർന്നു. ശക്തമായ മഴയിൽ പഞ്ചായത്ത് കരിങ്കൽക്കുഴി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മാതോടം ചവിട്ടടിപ്പാറയിലെ കെ.പി സൈനബയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു. മാതോടം ചവിട്ടടിപ്പാറയിലെ ഇ.വി മുഹമ്മദ് കുട്ടിയുടെ വീടിന്റെ മതിലിടിഞ്ഞ് സമീപത്തെ തങ്കമണിയുടെ അടുക്കളഭാഗം പൂർണമായും തകർന്നു. വാരം റോഡിൽ പി.വി ലതികയുടെ വീടിൻ്റെ മുന്നിലെ തെങ്ങ് വീണ് ട്രാൻസ്‌ഫോർമറിന് കേടുപാടുകൾ പറ്റി. പോസ്റ്റിന്റെ മുകളിൽ മരം പൊട്ടി വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും നിലച്ചു. വാരം റോഡിൽ പി.വി ജാനകിയുടെ വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണു. കമ്പിൽ മൈതാനിപ്പള്ളി റോഡിന്റെ അരിക് ഇടിഞ്ഞു. പള്ളിപ്പറമ്പിലെ എൻ.കെ മൈമൂനത്തിന്റെ വീടിന്റെ മതിലിടിഞ്ഞു.
മയ്യിൽ കോറളായിലെ സീനത്തിന്റെ വീടിന് മുകളിൽ സ്ഥാപിച്ച ഷീറ്റ് ഇളകിവീണു. അരിമ്പ്ര ഒറപ്പടിയിൽ കെ.സന്തോഷിൻ്റേയും കെ.സി ഗണേശന്റെയും സ്‌കൂട്ടറുകൾക്ക് മുകളിൽ മരംകടപുഴകി വീണു. പാവന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു.
കുറ്റ്യാട്ടൂർ നാലാം വാർഡിലെ ഇ.പി സുബൈദയുടെ വീടിനാണ് ഇന്നലെയുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചത്. വീടിന്റെ കഴുക്കോലുകളും ഓടും തകർന്ന് വീണു. പാവന്നൂർ കാനത്തും മൂലയിലെ നന്ദിനിയുടെ വീടിന് മുകളിൽ ജാതിമരം കടപുഴകി വീണു.
മലപ്പട്ടം അടൂരിൽ കല്ലോത്ത് യാക്കൂബിന്റെ വീടിന്റെ ചുറ്റുമതിലും ഇടിഞ്ഞു.