കണ്ണൂർ :- കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഫാമും ചിക്കൻ സ്റ്റാളും തുടങ്ങാൻ അവസരം. സ്വന്തമായി ബ്രോയ്ലർ ഫാം ഷെഡ് ഉള്ളവരും ബ്രോയ്ലർ ചിക്കൻ ഫാം നടത്തുന്നവരുമായ കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കു പദ്ധതിയുടെ ഭാഗമാകാം. 1000 മുതൽ 10,000 കോഴികളെ വരെ വളർത്താം. നല്ലനിലയിൽ പരിപാലിക്കുന്നവർക്ക് 40 ദിവസം കൂടുമ്പോൾ രണ്ടു മുതൽ രണ്ടര ലക്ഷം രൂപ വരെ സമ്പാദിക്കാനാകും.
ജില്ലയിൽ നിലവിൽ 21 ഫാമുകളാണു പ്രവർത്തിക്കുന്നത്. ഒരു വർഷം കൊണ്ട് 40 ലക്ഷത്തോളം രൂപയാണു ബ്രോയ്ലർ ഫാം നടത്തുന്ന കുടുംബശ്രീ വനിതകൾക്കു വളർത്തുകൂലിയിനത്തിൽ ലഭിച്ചിട്ടുള്ളത്. കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കർഷകർക്കു കമ്പനി ലഭ്യമാക്കും. ഫാമുകളും മാംസ, വിപണനശാലകളും ആരംഭിക്കുന്നതിനും കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സിഡിഎസുകൾ വഴി അപേക്ഷിക്കാം. പദ്ധതി ആരംഭിക്കുന്നതിനു കുടുംബശ്രീയിൽ നിന്ന് ഒന്നരലക്ഷം രൂപ വരെ വായ്പ ലഭിക്കും.