അഹമ്മദാബാദ് :- അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. ഇതുവരെ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ അറിയിച്ചു. വിമാനത്തിൽ പരിശോധനകൾ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ് വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോർട്ടുകൾക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്. വരുന്ന ഡിസംബറിൽ ആണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എൻജിന്റെ അറ്റകുറ്റപ്പണികൾ ഇക്കഴിഞ്ഞ മാർച്ചിൽ ആണ് നടത്തിയത്. ഏപ്രിലിൽ ഇടതു എൻജിനും പരിശോധിച്ചിരുന്നു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്ബെല്‍ വിത്സണ് കത്തില്‍ പറയുന്നത്.