കൊട്ടിയൂരിൽ രേവതി ആരാധന ഇന്ന്


കൊട്ടിയൂർ :- വൈശാഖോത്സവത്തിൻ്റെ ഭാഗമായുള്ള രേവതി ആരാധന വെള്ളിയാഴ്ച നടക്കും. ഇളനീരഭിഷേകത്തിനുശേഷമുള്ള പ്രധാന ആരാധനയാണിത്. വൈശാഖോത്സവകാലത്തെ ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന. ഉച്ചയ്ക്ക് പൊന്നിൻശീവേലി നടത്തും. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയാകും. സന്ധ്യക്ക് നടക്കുന്ന പൂജയ്ക്ക് ഒപ്പമാണ് പാലമൃത് അഭിഷേകം. കോട്ടയം കോവിലകത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യും. 

ആരാധനകളിൽ നാലമത്തേതായ രോഹിണി ആരാധന ജൂൺ 24-ന് നടക്കും. ഇതോടെ ആരാധനകൾ പൂർത്തിയാകും. രോഹിണി ആരാധനാ നാളിലാണ് സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി. ബുധനാഴ്ച അർധരാത്രി ആരംഭിച്ച ഇളനീരഭിഷേകം വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് പൂർത്തിയായത്. മണിത്തറയിലെത്തിയ എല്ലാ ഇളനീരുകളും അഭിഷേകം ചെയ്തു.

Previous Post Next Post