കണ്ണൂർ :- കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക ചിഹ്നവും പേരും മറ്റും ദുരുപയോഗം ചെയ്യുന്ന സൈബർ കുറ്റവാളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ടെലഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ സർവകലാശാലയുടെ ചിഹ്നവും പേരും ഉപയോഗിച്ച് ഗ്രൂപ്പുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയും പരീക്ഷാസംബന്ധിയായ വിഷയങ്ങളിൽ സഹായം വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയും ചെയ്യുന്നതിരേയാണ് ജാഗ്രതാനിർദേശം നൽകിയത്.
ഔദ്യോഗിക വെബ്സൈറ്റ്, ഔദ്യോഗിക വാട്സാപ്പ് ചാനൽ, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവ മുഖേന മാത്രമാണ് സർവകലാശാല വിവരങ്ങൾ വിദ്യാർഥികൾക്കായി നൽകുന്നത്. സൈബർ കുറ്റവാളികളുടെ കെണിയിൽപ്പെടുന്ന തുവഴി നഷ്ടപ്പെടുന്ന പണത്തിന് സർവകലാശാലയ്ക്ക് ബാധ്യതയുണ്ടായിരിക്കില്ലെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.