പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് - കായച്ചിറ - കൊളച്ചേരിപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഈ റൂട്ടിലുള്ള സർവീസ് നിർത്തിവെച്ചതോടെ ദുരിതത്തിലായി വിദ്യാർത്ഥികളും മറ്റു യാത്രക്കാരും. വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരും കൂടുതൽ ബുദ്ധിമുട്ടുകയാണ്. ഏറെ ദൂരം നടന്നാണ് വിദ്യാർത്ഥികൾ ഇന്നലെയും ഇന്നുമായി സ്കൂളുകളിലേക്ക് പോയത്. ബസ് കയറാൻ അടുത്ത ബസ്സ്റ്റോപ്പുകളിലേക്ക് എത്താനും വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയതായി രക്ഷിതാക്കൾ പറയുന്നു.
റോഡ് തകർന്ന് ഇതുവഴിയുള്ള യാത്ര ദുസ്സഹമായതിനെ തുടർന്ന് ഇന്നലെ മുതലാണ് ഈ റൂട്ടിലുള്ള ബസ് പണിമുടക്ക് ആരംഭിച്ചത്. യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്ന ഈ റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബസ് ജീവനക്കാർ പണിമുടക്കുന്നത്.
റോഡിലെ വലിയ കുഴികളും വെള്ളവും കാരണം ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളും കാൽനടയാത്രക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. ദിനംപ്രതി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധിപേർ യാത്രചെയ്യുന്ന റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സർവീസ് നിർത്തിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പെട്ടെന്ന് തന്നെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.