ഈ അധ്യയനവർഷത്തിൽ പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകില്ല ; സീറ്റ് വർധിപ്പിക്കുന്നതും കോഴ്സു‌കൾക്ക് അംഗീകാരം പുതുക്കുന്നതും മരവിപ്പിച്ചു


ന്യൂഡൽഹി :- ഈ അധ്യയനവർഷം (2025- 26) പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകുന്നതും സീറ്റ് വർധിപ്പിക്കുന്നതും കോഴ്സു‌കൾക്ക് അംഗീകാരം പുതുക്കുന്നതും ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) മരവിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളജുകൾക്കു പണം വാങ്ങി അംഗീകാരം നൽകിയതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനു പിന്നാലെയാണ് നടപടി. കേന്ദ്ര ആരോഗ്യമന്ത്രാലയം, എൻഎംസി എന്നിവിടങ്ങളിലെ 11 ഉദ്യോഗസ്‌ഥരുൾപ്പെടെ 36 പേരുൾപ്പെട്ട അഴിമതിയിൽ 1300 കോടി രൂപയുടെ ഇടപാട് നടന്നെന്നാണു സിബിഐയുടെ കണ്ടെത്തൽ.

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ കഴിഞ്ഞയാഴ്ച് സി ബിഐ പരിശോധന നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുതായി അനുമതി നൽകുന്നതു മരവിപ്പിച്ചത്. ഒപ്പം നിലവിലുള്ള മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു വരും ആഴ്ചകളിൽ മിന്നൽ പരിശോധന നടത്താനും കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. എൻഎംസി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ മെഡിക്കൽ കോളജുകൾക്കും മുന്നറിയിപ്പുമുണ്ട്. ഫാർമസി കോളജുകൾക്ക് അംഗീകാരം നൽകുന്നതിൽ ക്രമക്കേടു നടത്തി കൈക്കൂലി വാങ്ങിയെന്ന കേസിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി - സിഐ) അധ്യക്ഷൻ ഡോ. മോണ്ടു കുമാർ പട്ടേൽ ഒളിവിലാണ്.

Previous Post Next Post