കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പാമ്പുരുത്തിയിൽ തെരുവുനായ ശല്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പുരുത്തി ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡൻ്റിനും നിവേദനം നൽകി.
300 ലേറെ വീടുകളുള്ള പാമ്പുരുത്തി ദ്വീപിൽ കുട്ടികൾക്ക് വീട്ടുമുറ്റത്ത് കളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. 15 ഓളം നായകൾ ഇവിടെ കൂട്ടത്തോടെയാണ് എത്തുന്നത്. യു.പി സ്കൂൾ, മദ്രസ, രണ്ട് അങ്കണവാടികൾ എന്നിവയുള്ള ദ്വീപിൽ വിദ്യാർത്ഥികൾ കടുത്ത ഭീതിയോടെയാണ് ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവുന്നത്. കുട്ടികൾ സുരക്ഷിതമായി വീട്ടിലെത്തുന്നത് വരെ രക്ഷിതാക്കൾ ഭീതിയിലാണ്. മുൻകാലങ്ങളിലൊന്നും ഇല്ലാത്ത വിധം
തെരുവുനായ്ക്കൾ പെരുകുന്നതിൻ്റെ കാരണങ്ങൾ കണ്ടെത്തുകയും ഇല്ലായ്മ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഡ്രോപ്സ് സെക്രട്ടറി സിദ്ദീഖ് പാലങ്ങാട്ട്, മെംബർമാരായ എം.ഷൗക്കത്തലി, റാസിഖ്.എം എന്നിവരാണ് നിവേദനം നൽകിയത്. സെക്രട്ടറി അഭയൻ.ബി , പ്രസിഡൻ്റ് കെ.പി അബ്ദുൽ മജീദിനു വേണ്ടി വൈസ് പ്രസിഡൻ്റ് സജ്മ എന്നിവർ നിവേദനം കൈപ്പറ്റി.