കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മാമ്പഴവും ചക്കയും മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തും. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കോമക്കരി ജി ടോട്ടൽ സംരംഭകരായ കെ.പി ജിൽന, കെ.വി വിദ്യ, കെ.പി നിഷിത, പി.ജാസ്മിന, ടി.സൗമ്യ എന്നിവരാണു മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാൻ ഒരുങ്ങുന്നത്. കുടുംബശ്രീ മിഷന്റെ മികച്ച സംരംഭത്തിനുള്ള മൂന്നാം സ്ഥാനം ഇത്തവണ കോമക്കരി ജി ടോട്ടലിനായിരുന്നു. കുടുംബശ്രീ അംഗങ്ങൾ നിർമിക്കുന്ന സോപ്പ്, ഡിറ്റർജന്റ് പൗഡർ, ഡിഷ്വാഷ്, ടോയ്ലറ്റ് ക്ലീനർ തുടങ്ങിയ ഉൽപന്നങ്ങൾ സമീപപ്രദേശങ്ങളിലെ മാർക്കറ്റുകളിലും കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലുമെത്തിച്ചു വിപണി കണ്ടെത്തുകയാണ് ജി ടോട്ടലിന്റെ ലക്ഷ്യം.
ജില്ലയിലെ ആദ്യ ജി ടോട്ടൽ സംരംഭം കൂടിയാണ് കോമക്കരിയിലേത്. കോമക്കരി മാതൃക അങ്കണവാടിക്കു സമീപമുള്ള പഞ്ചായത്തിന്റെ അധീനതയിലുള്ള വാടകക്കെട്ടിടത്തിലാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. ഇവർ സ്വന്തമായും ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. ഇതി നുപുറമേയാണ്, വീട്ടമ്മമാർക്ക് അസംസ്കൃത വസ്തുക്കൾ എത്തിച്ചുനൽകി സോപ്പുണ്ടാക്കി വിപണിയിലെത്തിക്കുന്നത്. കെ.പി.ജിൽന ഗ്രൂപ് സെക്രട്ടറിയും കെ.പി വിദ്യ പ്രസിഡന്റുമാണ് ജി ടോട്ടൽ വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങൾ വാങ്ങാനായി ഓൺലൈൻ ആപ് നിർമിക്കാൻ ആലോചനയുണ്ടെന്ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ പറഞ്ഞു.