കാഞ്ഞങ്ങാട് :- 250 വാട്‌സിൽ താഴെയുള്ള മോട്ടർ പിടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സിവിൽ പൊലീസ് ഓഫിസർക്കു സസ്പെൻഷൻ. ലൈസൻസും നമ്പറും ഹെൽമറ്റുമില്ലാതെ ഓടിക്കാൻ കഴിയുന്ന വിഭാഗത്തിൽപെട്ട സ്കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞ പൊലീസ് ഹെൽമറ്റ് വാങ്ങിപ്പിക്കുകയും മൂന്നുമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വയ്ക്കുകയും ചെയ്തെന്നാണ് പരാതി. കാസർകോട് എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ.സജേഷിനെയാണ് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡി സസ്പെൻഡ് ചെയ്തത്. സ്‌കൂട്ടർ പിടികൂടിയ ദൃശ്യം സജേഷ് റീൽസാക്കി പ്രചരിപ്പിക്കുകയായിരുന്നു.
ഫുട്ബോൾ കമന്റ്ററിയുടെ റീൽസ് പശ്ചാത്തലത്തിലാണ് തയാറാക്കിയത്. റീൽസ് വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർഥിക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്‌ഥിതിയായി. തുടർന്ന് കുട്ടി സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്ക് കു ടുംബവും പരാതി നൽകി. ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിലാണു പരാതിക്കിടയായ സംഭവം. എസ്ഐ അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് 15 വയസ്സുകാരനായ വിദ്യാർഥി ഇലക്ട്രിക് സ്കൂട്ടറിലെത്തിയത്. എസ്ഐയ്ക്കെതിരെയും അന്വേഷണം വന്നേക്കുമെന്നു പറയുന്നു.