കണ്ണൂർ :- കണ്ണൂർ ജില്ലയിലെ പൊതുജനാരോഗ്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായി കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി ആഗസ്റ്റ് 11 തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിക്കും. അഞ്ച് നില കെട്ടിടത്തിൽ കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി ഒപികളുണ്ട്. മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപറേറ്റീവ് വാർഡ്, മെഡിക്കൽ ഐ.സി.യുകൾ, സർജിക്കൽ ഐ.സി.യുകൾ, ഡയാലിസിസ് യൂണിറ്റ്, വിവിധ നിലകളിലായി 23 എക്സിക്യൂട്ടീവ് പേ വാർഡുകളും പ്രവർത്തന സജ്ജമാണ്.
സർക്കാരിന്റെ പൊതുജനാരോഗ്യമേഖലയിലെ ഇടപെടലുകളുടെ ഭാഗമായി 'ആർദ്രം' മിഷനിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലാ ആശുപത്രി വികസനത്തിന്റെ ഒന്നാം ഘട്ടത്തിലാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഉൾപ്പെടുത്തിയത്. 61.72 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് നിലകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സിവിൽ ജോലികൾ 39.8 കോടിക്കും ഇലക്ട്രിക്കൽ ജോലികൾ 21.9 കോടി രൂപയ്ക്കുമാണ് പൂർത്തീകരിച്ചത്. ബിഎസ്എൻഎൽ ആണ് സ്പെഷൽ പർപസ് വെഹിക്കിൾ. പി ആൻഡ് സി പ്രൊജക്ട്സ് ആണ് നിർമ്മാണം നടത്തിയത്. ശുദ്ധജല ശേഖരണ സംവിധാനം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആന്തരിക റോഡുകൾ, കോമ്പൗണ്ട് വാൾ എന്നിവയും നിർമിച്ചു. രണ്ട് ലിഫ്റ്റുകൾ പുതുതായി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
അഞ്ച് നിലകൾക്കും 1254 ച.മീ വീതം വിസ്തീർണമുണ്ട്. ഏറ്റവും താഴത്തെ നിലയിൽ, സ്വീകരണ സ്ഥലം, വാഹന പാർക്കിംഗ്, 110 കെ. വി സബ്സ്റ്റേഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ 150 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കാത്തിരിപ്പ് ലോഞ്ചോടുകൂടിയ ഒൻപത് ഒ.പി കൺസൾട്ടേഷൻ റൂമുകൾ, യു.പി.എസ് റൂം, ഫാർമസി, ടോയ്ലറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
രണ്ടാം നിലയിൽ മൂന്ന് മോഡുലാർ ഓപറേഷൻ തിയറ്ററുകൾ. ഇതിൽ ഒ.ടി. സ്റ്റോർ, നഴ്സിംഗ് സ്റ്റേഷൻ, ഡോക്ടറുടെ മുറി, പ്രീ-അനസ്തേഷ്യ റൂം എന്നിവയുണ്ടാവും. മെഡിക്കൽ, സർജിക്കൽ ഐ.സി.യുകൾ, കാത്തിരിപ്പ് സ്ഥലം, നഴ്സ് റൂം, അനസ്തേഷ്യ കൺസൾട്ടേഷൻ റൂം, ടോയ്ലറ്റുകൾ എന്നിവയുമുണ്ടാവും.
മൂന്നാം നിലയിൽ 30 കിടക്കകൾ വീതമുള്ള ജനറൽ വാർഡ്, 22 മെഷീനുകളോടുകൂടിയ ഡയാലിസിസ് യൂണിറ്റ് എന്നിവയും കാത്തിരിപ്പ് കേന്ദ്രം, പോസ്റ്റ് ഡയാലിസിസ് റൂം, അഞ്ച് പേ വാർഡുകൾ, പെരിറ്റോണിയൽ ഡയാലിസിസ് റൂം, സ്റ്റോർ സംവിധാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. നാലാം നിലയിൽ 30 കിടക്കകളുള്ള ജനറൽ വാർഡ്, നഴ്സിംഗ് സ്റ്റേഷൻ, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
സൈറ്റ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മലിനജല സംസ്കരണ പ്ലാന്റ്, എസ്.ടി.പി.യുമായി ബന്ധിപ്പിച്ച പുതിയ ഡ്രെയിനേജ് സിസ്റ്റം, മാൻഹോളുകൾ, പൈപ്പ്ലൈൻ ശൃംഖല, 1,30,000 ലിറ്ററിന്റെ ഓവർഹെഡ് ടാങ്ക്. അഗ്നിശമനം, ഗാർഹികം, മഴവെള്ള സംഭരണം എന്നിവയ്ക്കായി ഒൻപത് ലക്ഷം ലിറ്ററിന്റെ ഭൂഗർഭ സംപ്, ജീവനക്കാർക്കുള്ള പാർക്കിംഗ് സൗകര്യം, ഇന്റർലോക്ക് പാകിയ റോഡുകളും സ്ട്രെച്ചർ പാതകളും, ആർസിസി ഡ്രെയിനുകൾ, എസ്.എസ് ബ്ലോക്കിനുള്ള കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് പൈപ്പിംഗ് സിസ്റ്റം (എം.ജി.പി.എസ്.) എന്നിവയും പൂർത്തീകരിച്ചു.
നിലവിൽ പ്രവർത്തിച്ചു വരുന്ന സർജിക്കൽ ബ്ലോക്ക്, ട്രോമ കെയർ, അഡ്മിൻ ബ്ലോക്ക്, അമ്മയും കുഞ്ഞും പരിചരണ ബ്ലോക്ക് എന്നിവയ്ക്കുള്ള സബ് പാനലുകലും പ്രവർത്തന സജ്ജമാണ്. പ്രതിദിനം മൂവായിരത്തിലേറെ രോഗികളാണ് ജില്ലാ ആശുപത്രിയിലെ 16 ഒ പികളിലായി എത്തുന്നത്.
വിവിധ സ്പെഷ്യാലിറ്റി സേവനങ്ങൾ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, ഗൈനക്, ഡെന്റൽ, സൈക്യാട്രി, നെഫ്രോളജി, കാർഡിയോളജി, ചെസ്റ്റ്, ഇഎൻടി, സ്കിൻ, പീഡിയാട്രിക്, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ തുടങ്ങിയ ഒപികൾക്കു പുറമേ കൗമാര ക്ലിനിക്, ജീവിതശൈലീ രോഗക്ലിനിക്, ട്രോമാകെയർ, ബ്ലഡ് ബാങ്ക് എന്നിവയും മികച്ച നിലയിൽ പ്രവർത്തിക്കുന്നു.
ലക്ഷങ്ങൾ ചെലവുവരുന്ന ഹൃദ്രോഗ ചികിത്സ അർഹർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണ് ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച കാത്ത് ലാബിന്റെ നേട്ടം. സി ആം മെഷീൻ, ഡൈ ഇൻജക്ടർ വെന്റിലേറ്റർ, നാല് കിടക്കകളുള്ള പ്രീ കാത്ത് വാർഡ്, 10 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐ സി യൂ എന്നിവയ്ക്ക്പുറമേ പ്രത്യേക കൺസോളും പ്രവർത്തിച്ചുവരുന്നു. 1524 ആൻജിയോഗ്രാം, 619 ആൻജിയോപ്ലാസ്റ്റി, 45 പി ഒ ബി എ, 11 പേസ്മേക്കർ എന്നിവയാണ് 2022 ജൂലൈ മുതൽ 2025 ജൂലൈ വരെ കാത്ത് ലാബിൽ ലഭ്യമാക്കിയ സേവനങ്ങൾ.
പീഡിയാട്രിക് ഡിപ്പാർട്ട്മെന്റിൽ കുട്ടികൾക്കായി ഓക്സിജൻ സപ്പോർട്ട് വാർഡ്, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്നു. ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി ഡി.എൻ.ബി കോഴ്സ് 2022 ൽ ആരംഭിച്ചു. ഇ.എൻ.ടി ഡിപ്പാർട്ട്മെന്റിനോടനുബന്ധിച്ചുള്ള ഓഡിയോളജി ലാബിൽ പ്യൂവർ ടോൺ ഓഡിയോമെട്രി, ടിമ്പാനോമെട്രി എന്നീ ടെസ്റ്റുകളും കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റുകളും നവജാതശിശുക്കളുടെ കേൾവിപരിശോധനയും നടത്തി വരുന്നു. സ്പീച്ച് തെറാപ്പി സേവനങ്ങളും ലഭ്യമാണ്. ജില്ലാ പാലിയേറ്റീവ് കെയർ പരിശീലന കേന്ദ്രത്തിൽ ഡോക്ടർമാർക്കും മറ്റ് പാരാമെഡിക്കൽ ജീവനക്കാർക്കും പരിശീലനം നൽകുന്നുണ്ട്. ഓങ്കോളജി ഡിപ്പാർട്ട്മെന്റിൽ കീമോ തെറാപ്പി ഡേ കെയർ യൂണിറ്റും കീമോ തെറാപ്പി ചികിത്സ പൂർത്തിയാക്കിയ രോഗികൾക്ക് തുടർ ചികിത്സയും നൽകുന്നു.
ഡെന്റൽ ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി ഡെന്റൽ എക്സ്റേ സേവനം ആരംഭിച്ചു. മന്ദഹാസം പദ്ധതിയുടെ ഭാഗമായി നൂറ് പേർക്ക് കൃത്രിമ പല്ല് നിർമ്മിച്ചു നൽകി. ഹീമോഫീലിയ രോഗികൾക്ക് ആശാധാര പദ്ധതി വഴി സൗജന്യമായി ചികിത്സ നൽകിവരുന്നു. പേവിഷ ബാധ ചികിത്സയും പാമ്പ് കടിയേറ്റവർക്കുള്ള ചികിത്സയും ആശുപത്രിയിലുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ കീഴിൽ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. കണ്ണൂർ ജില്ലയിൽ ഉടനീളം സഞ്ചരിച്ച് തിമിര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തുന്ന മൊബൈൽ ഒഫ്താൽമിക് യൂണിറ്റും ഇവിടെ പ്രവർത്തിച്ചുവരുന്നു. 339 മേജർ ജനറൽ സർജറി, 337 ഗൈനക് സർജറി, 999 ഓർത്തോ സർജറി, 35 ഇ എൻ ടി, 919 നേത്ര സർജറികളും 2025 ജനുവരി മുതൽ ജൂലൈ വരെ ജില്ലാ ആശുപത്രിയിൽ നടത്തിയിട്ടുണ്ട്.