കണ്ണൂർ :- ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. ജൂണ്‍ മാസം മുതല്‍ ഇന്നലെ വരെ 1900 പേരില്‍ രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഈ കണക്കില്‍പ്പെടാതെ ധാരാളമാളുകള്‍ സ്വകാര്യ ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലാണ്.
ഇത്തവണ പലരിലും രോഗത്തിന് തീവ്രത കൂടുതലാണെന്നാണ് വിവരം. പലർക്കും കിടത്തിച്ചികിത്സയടക്കം വേണ്ടിവന്നു. വൈറല്‍ ഹെപ്പറ്റൈറ്റിസ് എയാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. രോഗി നന്നായി വിശ്രമിക്കുകയും വേണം.
തൃപ്പങ്ങോട്ടൂർ, തളിപ്പറമ്പ്, ഇരിട്ടി, ആറളം, ചിറക്കല്‍, ശ്രീകണ്ഠാപുരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, പാനൂർ, ചപ്പാരപ്പടവ്, മാലൂർ എന്നിവിടങ്ങളിലാണു രോഗവ്യാപനം കൂടുതല്‍. ഡപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മഞ്ഞപ്പിത്തബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.