കണ്ണൂർ :- നഗരത്തിൽ അനുദിനം വർധിച്ചു വരുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത ജില്ലാ ഭരണകൂടത്തിനെയും നഗരസഭയെയും നിശിതമായി വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ 10 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഉൾപ്പെടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
തെക്കി ബസാറിലെ സബ് ജയിലിന് മുന്നിൽ നിന്നും പരാക്രമം തുടങ്ങിയ തെരുവുനായ 14 പേരെ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സംഭവത്തിൽ അതിയായ ഉത്കണ്ഠയുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഉത്തരവുകൾ നൽകിയെങ്കിലും മനുഷ്യാവകാശ ലംഘനം ഇല്ലാതാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടികൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.