പച്ചക്കറി വില വൻ കുതിപ്പിൽ ; 60 ശതമാനം വരെ വില ഉയർന്നു


കൊച്ചി :- സംസ്ഥാനത്ത് പച്ചക്കറി വിലകുതിക്കുന്നു. ഒരു മാസംകൊണ്ട് പച്ചക്കറികളുടെ വില 20 മുതൽ 60 ശതമാനം വരെയാണ് ഉയർന്നത്. വെളിച്ചെണ്ണയ്ക്കു പിന്നാലെ പച്ചക്കറി വിലകൾ കൂടി ഉയർന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് താളംതെറ്റി. ഉത്പാദനത്തിലെ കുറവാണ് പച്ചക്കറി വിലക്കയറ്റത്തിന് ഇടയാക്കിയത്. കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. ജൂലായ് ഒന്നിന് എറണാകുളത്തെ ചില്ലറ വിപണിയിൽ കിലോയ്ക്ക് 55 രൂപയായിരുന്ന ഇഞ്ചി വില ഒരു മാസം കൊണ്ട് 80-100 രൂപയിലെത്തി. പച്ചമുളക് 50 രൂപയിൽ നിന്ന് 90-100 രൂപയിലേക്കും ഉയർന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 120-140 രൂപയിലാണ് വ്യാപാരം. എന്നാൽ, വലിയ വെളുത്തുള്ളിക്ക് വില ഇതിലും കൂടുതലാണെന്ന് വ്യാപാരികൾ പറഞ്ഞു.

കാരറ്റിന് 20 ശതമാനം വില ഉയർന്ന് 80 രൂപയിലെത്തി. തക്കാളി കിലോയ്ക്ക് 40 രൂപ ഉണ്ടായിരുന്നിടത്ത് ഒരു മാസം കൊണ്ട് 60 രൂപയിലെത്തി. ഗ്രാമപ്രദേശങ്ങളിൽ വില ഇതിലും കൂടുതലാണ്. അതേസമയം, മുരിങ്ങാക്കായ വില പകുതിയിലധികം കുറഞ്ഞ് 40 രൂപയായി. സവാള, ഉരുളക്കിഴങ്ങ് എന്നിവയു ടെ വിലയിൽ വലിയ വ്യത്യാസങ്ങൾ പ്രകടമല്ല. സവാള കിലോയ്ക്ക് 28 രൂപയും ഉരുളക്കിഴങ്ങിന് 35-45 രൂപയിലുമാണ് എറണാകുളത്തെ വ്യാപാരം. 

ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ച ക്കറികൾ എത്തുന്നത്. ആഭ്യന്തര വിപണിയിൽ ഉത്പാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയൽ സംസ്ഥാനങ്ങളെയാണ്. ഓണം, കല്യാണ സീസണുകൾ എത്തുന്നതിനു മുൻപേ വില ഉയർന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്താൻ ഇനിയും വൈകുന്ന സാഹചര്യമാണ്. അതിനാൽ, വില ഇനിയും കുതിക്കാനുള്ള സാധ്യത കൂടുതലാണ്.

Previous Post Next Post