കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന അർബുദബാധിതനായ ടിക്കറ്റ് എക്സാമിനറെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് പാലക്കാട് റെയിൽവേ സീനിയർ ഡിവിഷണൽ പേഴ്‌സണൽ ഓഫീസർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. ഉദ്യോഗസ്ഥന്റെ ഭാര്യ നൽകിയ പരാതിയിലാണ് ഉത്തരവ്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽത്തന്നെ ഉദ്യോഗസ്ഥന് തുടരാനായി മിനി സ്റ്റീരിയൽ വിഭാഗത്തിൽ ഒഴിവില്ലെന്ന് ദക്ഷിണ റെയിൽവേ സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ ആവശ്യം പരിഗണിക്കുന്നതിനായി റെയിൽവേ ഒരു മാസത്തെ സമയം ചോദിച്ചു. ഉദ്യോഗസ്ഥൻ്റെ ആരോഗ്യ സ്ഥിതി വഷളായ സാഹചര്യത്തിൽ സ്ഥലംമാറ്റം റദ്ദാക്കണമെന്ന ആവശ്യത്തിൽ റെയിൽവേ തീരുമാനമെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ നടപടി റിപ്പോർട്ട് സമർപ്പിക്കണന്നും കമ്മിഷൻ ആവശ്യപ്പെട്ടു.