പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണം ചെയ്തു

 


കണ്ണൂർ:- കല്ല്യാട് സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്ക് നല്‍കുന്ന സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മുടെ ആയുര്‍വേദം ലോകത്തിന്റെ മുന്നില്‍ സവിശേഷമായി അടയാളപ്പെടുത്തിയെങ്കിലും ഗവേഷണത്തിന്റെ കാര്യത്തില്‍ അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് മുന്നില്‍ കണ്ടാണ് 400 കോടി അനുവദിച്ച് കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് സ്ഥാപിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികള്‍, താളിയോല, ഔഷധസസ്യ ജൈവവൈവിധ്യം, ആയുര്‍വേദത്തിന്റെ വൈവിധ്യമാര്‍ന്ന തത്വങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവയൊക്കെ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഇടവുമുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ ഗവേഷണം നടത്തുന്നതിന് മുന്നോട്ട് വന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഈ കാലഘട്ടത്തില്‍ ആയുഷ് രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ആയുഷ് മേഖലയില്‍ സ്റ്റാന്റേഡൈസേഷന്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചു. പ്ലാനിംഗിലും ഫണ്ട് വിഹിതത്തിലും ഈ സ്റ്റാന്റേഡൈസേഷന്‍ ഏറെ സഹായിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറി എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കി. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെന്‍സറിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ആയുഷ് മേഖലയില്‍ ചരിത്രത്തില്‍ ആദ്യമായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോ വകുപ്പില്‍ 40 തസ്തികകള്‍ സൃഷ്ടിച്ചു.

ആയുഷ് രംഗത്ത് ആഗോള പ്രശസ്തിയുള്ള ഭൂപ്രദേശമാണ് കേരളം. ലോകത്തിന്റെ പലഭാഗത്ത് നിന്നും ആളുകള്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. ഈ കാലഘട്ടത്തില്‍ ചികിത്സയുമായും ഗവേഷണവുമായും ആയുര്‍വേദ വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട് ഗുണനിലവാരം ഉയര്‍ത്താനായി വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആയുഷ് മേഖലയില്‍ ഗുണമേന്മ ഉറപ്പാക്കാനായി രാജ്യത്ത് ആദ്യമായി ഗൈഡ് ലൈന്‍ തയ്യാറാക്കി. ഇത് രാജ്യത്തെ മുഴുവന്‍ ഗൈഡ് ലൈനായി ഏറ്റെടുത്തു. ഇതുവരെ സംസ്ഥാനത്തെ 250 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടാനായി. ആയുഷ് രംഗത്തെ ഫണ്ട് 2021ല്‍ നിന്നും പത്തിരട്ടി വര്‍ധിപ്പിച്ചു. ആയുഷ് മേഖലയില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു. കോഴ്‌സുകള്‍ക്ക് കൃത്യമായ മോഡ്യൂളും സിലബസും തയ്യാറാക്കി. രോഗ പ്രതിരോധത്തിനായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ പുരസ്‌കാരം. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫാസര്‍ ഡോ. ടി.കെ. വിജയന്‍, ഹോംകോ എം.ഡി. ഡോ. ശോഭാ ചന്ദ്രന്‍, ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ ഡോ. ജയ വി. ദേവ്, നാഷണല്‍ ആയുഷ് മിഷന്‍ നോഡല്‍ ഓഫീസര്‍ അജിത എ, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. സജി പി.ആര്‍., ഡോ. ആര്‍. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Previous Post Next Post