തിരുവനന്തപുരം :- സംസ്ഥാനത്ത് ഒരു വർഷം റജിസ്‌റ്റർ ചെയ്യുന്നത് 1.10 ലക്ഷം വിവാഹം. ഒരു വർഷം വിവാഹമോചനം തേടി കുടുംബകോടതികളിൽ എത്തുന്നതാകട്ടെ ശരാശരി 30,000 കേസുകൾ. വിവാഹമോചനം തേടുന്നവരിലേറെയും മുൻ വർഷങ്ങളിൽ വിവാഹം ചെയ്തവരാണെങ്കിലും ആയുസ്സില്ലാത്ത ദാമ്പത്യ ബന്ധങ്ങളുടെ എണ്ണം വർഷാവർഷം കൂടുകയാണെന്ന് ഇതു വെളിപ്പെടുത്തുന്നു.ബന്ധം വേർപെടുത്താൻ കേസുമായി പോകുന്നവർ വിവാഹമോചനം ലഭിക്കാതെ വർഷങ്ങളോളം കോടതി കയറിയിറങ്ങുകയും ചെയ്യുന്നെന്നു കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നു.
വിവരാവകാശ നിയമ പ്രകാരം ഹൈക്കോടതി പുത്തുവിട്ട കണക്കാണിത്. കേസുകളിലേക്കു പോകാതെ വക്കീൽ നോട്ടിസയച്ച ശേഷം പിരിഞ്ഞു ജീവിക്കുന്നവരുടെ എണ്ണം ഇതിലും ഏറെയാണെന്നു കുടുംബക്കോടതിയിലെ മുൻ ജഡ്‌ജിമാർ തന്നെ വെളിപ്പെടുത്തുന്നു. കേസുകൾ കൂടിയതോടെ ജില്ലകളിൽ രണ്ടും മൂന്നും കുടുംബക്കോടതികളായി. എന്നിട്ടും കുരുക്കുകൾ അഴിയുന്നില്ല. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റജിസ്‌റ്റർ ചെയ്യുന്നത്. കൊല്ലമാണ് രണ്ടാമത്.
