കർണ്ണാടക :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തിരിതെളിഞ്ഞു. ഉത്സവം ഒക്ടോബർ 2 വരെ നീണ്ടുനിൽക്കും. മൂകാംബികയിൽ എത്തിച്ചേരുന്ന ഭക്തർക്ക് ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ നാലിന് നടതുറക്കും.
5.15 മുതൽ 7.30 വരെ ഉദയബലിപൂജ, 8 മണിക്ക് സ്തംഭ ഗണപതിപൂജ, 10 മണിക്ക് ഉച്ചപൂജ, വൈകുന്നേരം പ്രദോഷ പൂജ, 5.30 ന് നവരാത്രി കലശ സ്ഥാപനം, രാത്രി 7 മണിക്ക് നവരാത്രി പൂജ, 9 മണിക്ക് ബലി, കഷായപൂജ എന്നിവയ്ക്ക് ശേഷം 10 മണിക്ക് നടയടയ്ക്കും.
സെപ്റ്റംബർ 30 വരെ ശതരുദ്രാഭിഷേകം, മഹനൈവേദ്യം, മംഗളാരതി, ദീപാരാധന, പ്രദോഷ പൂജ എന്നിവ നടക്കും. മഹാനവമിനാളിൽ ഉച്ചയ്ക്ക് 1.15 നാണ് പ്രസിദ്ധമായ കൊല്ലൂർ രഥോത്സവം. ഈ ദിവസം മഹാചണ്ഡികയാഗവും പുഷ്പരഥോത്സവവും നടത്തും. വിജയദശമി ദിനത്തിൽ അതിരാവിലെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങും.
