ന്യൂഡൽഹി :- പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 5 വർഷം തടവോ 5 ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം. ഇതുൾപ്പെടെ വ്യവസ്ഥകളുള്ള പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് നിയമം പ്രാബല്യത്തിൽ വന്നു. 1920ലെ പാസ്പോർട്ട് (എൻട്രി ഇൻ ടു ഇന്ത്യ) നിയമം, 1939 ലെ റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് നിയമം, 1946ലെ ഫോറിനേഴ്സ് നിയമം, 2000 ലെ ഇമിഗ്രേഷൻ (ക്യാരിയേഴ്സസ് ലയബിലിറ്റി) നിയമം എന്നിവ ഇതോടെ അസാധുവായി.
വീസ കാലാവധി കഴിഞ്ഞും തുടരുന്ന വിദേശികൾക്കു പരമാവധി 5 വർഷമായിരുന്ന തടവുശിക്ഷ 3 വർഷമാക്കി കുറച്ചു. 3 ലക്ഷം രൂപ പിഴയും നൽകേണ്ടി വരാം. വ്യാജ പാസ്പോർട്ട് ഉപയോഗിക്കുകയോ ലഭ്യമാക്കുകയോ ചെയ്യുന്നവർക്ക് 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും. യാത്രാരേഖകളില്ലാത്തയാളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചാൽ വിമാനക്കമ്പനിയിൽ നിന്ന് 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
