ന്യൂഡൽഹി :- ഐആർസിടിസി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ജനറൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ റെയിൽവേ ഒക്ടോബർ 1 മുതൽ ആധാർ നിർബന്ധമാക്കി. യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുൻപ്, രാവിലെ 8ന് ബുക്കിങ് ആരംഭിച്ച ശേഷമുള്ള ആദ്യ 15 മിനിറ്റിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിൽ നിന്നു മാത്രമേ ടിക്കറ്റ് എടുക്കാൻ അനുവദിക്കുകയുള്ളൂ. തത്കാൽ ബുക്കിങ്ങിനു നേരത്തെ ആധാർ നിർബന്ധമാക്കിയിരുന്നു.
വ്യക്തിഗത ഐഡികൾ ഉപയോഗിച്ച്, എഐ ബോട്ടുകളുടെ സഹായത്തോടെ ചില ഏജൻസികൾ അതിവേഗം ബുക്കിങ് നടത്തുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മറ്റു ടിക്കറ്റിനും ആധാർ നിർബന്ധമാക്കുന്നത്. ബുക്കിങ് ആരംഭിച്ച് ആദ്യ 10 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അംഗീകൃത ടിക്കറ്റിങ് ഏജന്റുമാർക്ക് അനുമതിയില്ല. ഈ നിയന്ത്രണം തുടരും. റെയിൽവേ ബുക്കിങ് കൗണ്ടറുകളിൽ സാധാരണ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും സമയക്രമത്തിൽ മാറ്റമില്ലെന്നും റെയിൽവേ അറിയിച്ചു. കൗണ്ടറുകളിൽ നിന്നു ടിക്കറ്റ് എടുക്കാനും ഭാവിയിൽ ആധാർ നിർബന്ധമാക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിലുണ്ട്.
