തിരുവനന്തപുരം :- വർഷങ്ങൾ നീണ്ട നിയമപ്പോരിനൊടുവിൽ സംസ്‌ഥാനത്തും എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർപ്ലേറ്റ് വരുന്നു. ഹൈക്കോടതിയുടെ അനുകൂല നിർദേശം ലഭിച്ചതോടെ, 3 മാസത്തിനുള്ളിൽ നമ്പർപ്ലേറ്റ് ഏർപ്പെടുത്തുന്നതിനുള്ള ടെൻഡർ പൂർത്തിയാക്കാനാണ് മോട്ടർ വാഹനവകുപ്പിന്റെ തീരുമാനം. കേന്ദ്രസർക്കാരിൻ്റെ പാനലിൽ ഉൾപ്പെട്ട കമ്പനികളിൽ നിന്ന് ഈ മാസം തന്നെ ടെൻഡർ വിളിക്കും. പദ്ധതി തുടങ്ങാൻ 2001 ൽ കേന്ദ്രം തീരുമാനിച്ചെങ്കിലും നിയമക്കുരുക്കിൽപെട്ടു. സുപ്രീംകോടതി 2004 ൽ രാജ്യത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയെങ്കിലും കേരളമുൾപ്പെടെ നടപ്പാക്കിയില്ല. പിന്നീട് 2019 മാർച്ച് 31ന് നിയമം കർശനമാക്കി. അതിനുശേഷം ഇറങ്ങുന്ന വാഹനങ്ങളിൽ ഡീലർമാർ തന്നെ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിക്കാനായിരുന്നു നിർദേശം. അതിനു മുൻപുള്ള വാഹനങ്ങൾക്കു സമയക്രമം തീരുമാനിച്ചു.
ഇതിനെതിരെ കേരളത്തിൽ കേസ് തുടർന്നു. സംസ്ഥാനത്തു നമ്പർപ്ലേറ്റ് സ്വന്തം നിലയിൽ നിർമിക്കാൻ അന്നത്തെ ഗതാഗതമന്ത്രി ആന്റണി രാജു തീരുമാനമെടുത്തു. ഇതിന് യന്ത്രം സ്ഥാപിക്കാൻ ഗതാഗത കമ്മിഷണർ ടെൻഡർ വിളിച്ചു. എന്നാൽ കെ.ബി ഗണേഷ്‌കുമാർ മന്ത്രിയായതോടെ ഇതൊഴിവാക്കി ആഗോള ടെൻഡർ വിളിക്കാൻ തീരുമാനിച്ചു. പക്ഷേ, സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം അതിന് കഴിയില്ലെന്ന് ഗതാഗത കമ്മിഷണറായിരുന്ന എസ്.ശ്രീജിത്ത് നിലപാടെടുത്തു.
