കരിപ്പൂരിൽ നിന്നും കുറഞ്ഞ നിരക്കിൽ ഹജ്ജ് സർവീസുമായി ആകാശ് എയർ


കൊണ്ടോട്ടി :- കരിപ്പൂരിൽ എയർ ഇന്ത്യയെ പിന്തള്ളി ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി ഹജ്ജ് സർവീസ് ആകാശ് എയർ സ്വന്തമാക്കി. 1,07,260 രൂപയാണ് ആകാശ് എയർ കരിപ്പൂരിൽ രേഖപ്പെടുത്തിയത്. കൊച്ചിയിൽ ഫ്ലൈ നാസും കണ്ണൂരിൽ ഫ്ലൈ അബീലും ഹജ്ജ് സർവീസ് നടത്തും. കൊച്ചിയിൽ 87,676 രൂപയും കണ്ണൂരിൽ 89,710 രൂപയു മാണ് നിരക്ക്. കണ്ണൂരിനെ അപേക്ഷിച്ച് കരിപ്പൂരിൽ ഏകദേശം 18000 രൂപയുടെ വർധനയുണ്ടെങ്കിലും കഴിഞ്ഞ രണ്ടുതവണയെക്കാളും മെച്ചമാണ്. കഴിഞ്ഞ തവണ 40,000 രൂപയിലധികം കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് അധികം ഈടാക്കിയിരുന്നു. ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസിന് കേരളത്തിലെവിടെയും ഹജ്ജ് സർവീസില്ല.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 25 വരെയായിരുന്നു വിമാനക്കമ്പനികൾക്ക് ടെൻഡർ നൽകാൻ സമയം നിശ്ചയിച്ചത്. കേരളത്തിൽ നിലവിൽ 8530 പേരെയാണ് ഹജ്ജിന് തിരഞ്ഞെടുത്തത്. ഇന്ത്യയും സൗദിയും ഹജ്ജ് കരാർ ഒപ്പുവെച്ചാൽ കൂടുതൽ പേരെ തിരഞ്ഞെടുക്കും. കരിപ്പൂരിൽ നിന്ന് 920 പേരെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷം എയർ ഇന്ത്യ നടത്തിയ പകൽക്കൊള്ളയ്ക്ക് അറുതിയായത് കരിപ്പൂരിന് ഗുണകരമാകും. ഹജ്ജ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ ഇടപെടൽ കരിപ്പൂരിൽ വിമാന നിരക്ക് കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ട്.

Previous Post Next Post