മുംബൈ :- ഡിജിറ്റൽ ഇടപാടുകൾ സാധുവാക്കുന്നതിനായി ബയോമെട്രിക് സംവിധാനമുൾപ്പെടെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി. ഇതിനായി കൃത്യമായ മാർഗനിർദേശങ്ങളും പുറത്തിറക്കി. 2026 ഏപ്രിൽ 1 മുതലാണ് ഈ നിർദേശങ്ങൾ പ്രാബല്യത്തിലാവുക. ഇടപാടുകൾ സാധുവാക്കുന്നതിന് ഒടിപി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം, സംശയകരമായ സാഹചര്യങ്ങളിൽ അധികസുരക്ഷ, അതിർത്തികടന്നുള്ള ഇടപാടുകളിലെ സൂക്ഷ്മപരിശോധന എന്നിവയുമായി ബന്ധപ്പെട്ട് വിശദമായ നിർദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.
ഇതനുസരിച്ച് ഇന്ത്യക്കകത്തുള്ള ഡിജിറ്റൽ ഇടപാടുകൾക്കെല്ലാം ടു-ഫാക്ടർ ഓതന്റിക്കേഷൻ കർശനമാക്കും. ഏതെല്ലാം രീതിയിലാവണമെന്ന് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾക്കു തീരുമാനിക്കാം. നിലവിൽ എസ്എംഎസ് അടിസ്ഥാനമായുള്ള ഒടിപിയാണ് കൂടുതലായി ഉപയോഗിക്കുന്നത്. പാസ്‌വേഡ്, എസ്എംഎസ് ഒടിപി, പിൻ നമ്പർ, കാർഡ് ഹാർഡ്‌വേർ, ടോക്കൺ നമ്പർ, വിരലടയാളം അല്ലെങ്കിൽ ആധാർ അധിഷ്ഠിതമായതോ ഇടപാടുകൾക്കുപയോഗിക്കുന്ന ഉപകരണ ങ്ങളുമായോ ബന്ധിപ്പിച്ചിട്ടുള്ള ബയോമെട്രിക് സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതിലേതെങ്കിലുമൊരെണ്ണം മാറിക്കൊണ്ടിരിക്കുന്ന (ഡൈനാമിക്) രീതിയിലുള്ളതാകണം.
ഇടപാടിനുപയോഗിക്കുന്ന സംവിധാനം കൈവശമുണ്ടെന്ന് ഉറപ്പാക്കുന്നതിനാണിത്. മുൻ ഇടപാടുകളുടെ ചരിത്രം നോക്കി സംശയകരമായ രീതിയിലാണ് ഇടപാടുകളെങ്കിൽ, ടു ഫാക്ടർ സംവിധാനത്തിനു പുറമേ അധിക സുരക്ഷാ സംവിധാനം ഏർപ്പെടുത്താം. ഡിജി ലോക്കർ പ്ലാറ്റ്ഫോമും ഇതിനായി പ്രയോജനപ്പെടുത്താനാകും. വിദേശത്തേക്ക് ഓൺലൈൻ വഴി കാർഡുപയോഗിച്ചുള്ള ഇടപാടുകൾക്ക് 2026 ഒക്ടോബർ ഒന്നിനകം അധികസുരക്ഷാ സംവിധാനം നടപ്പാക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.
