യാത്രക്കാർക്ക് തിരിച്ചടി ; മട്ടന്നൂരിൽ നിന്നുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ


മട്ടന്നൂർ :- വിൻ്റർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിവിധ സർവീസുകൾ വെട്ടിക്കുറച്ചു. സമ്മർ ഷെഡ്യൂളിനെ അപേക്ഷിച്ച് വിന്റർ ഷെഡ്യൂളിൽ എത്തുമ്പോൾ പ്രതിവാരം 42 സർവീസ് കുറയും. 6 വർഷത്തോളമായി നടത്തുന്ന പല റൂട്ടുകളിലും നവംബർ ഒന്നു മുതൽ സർവീസ് ഇല്ല. കണ്ണൂരിന് പുറമേ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസും കുറച്ചിട്ടുണ്ട്.

കണ്ണൂരിൽ നിന്ന് ഇനി കുവൈത്ത്, ബഹ്റൈൻ, ജിദ്ദ, ദമാം റൂട്ടികളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഉണ്ടാകില്ല. സമ്മർ ഷെഡ്യൂളിൽ ഉണ്ടായിരുന്ന കുവൈത്ത് (ആഴ്ചയിൽ 2), ബഹ്റൈൻ (ആഴ്‌ചയിൽ 2), ജിദ്ദ (ആഴ്ചയിൽ 2), ദമ്മാം (ആഴ്ച്‌ചയിൽ 3)- ഇവ പൂർണാമായും നിർത്തി. ഷാർജ റൂട്ടിൽ ആഴ്ചയിൽ 12 ഫ്ലൈറ്റുകളിൽ നിന്ന് 7 ആക്കി കുറച്ചു. മസ്‌കത്ത് റൂട്ടിൽ ആഴ്ചയിൽ 7 ഫ്ലൈറ്റുകളിൽ നിന്ന് 4 ആക്കി കുറച്ചു. ദുബായ്, റാസൽഖൈമ റൂ ട്ടിൽ ആഴ്ചയിൽ ഓരോ ഫ്ലൈറ്റുകൾ വീതം കുറച്ചു. വിൻ്റർ ഷെഡ്യൂളിൽ കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ഇല്ലാത്ത അവസ്‌ഥയാകും. നിർത്തലാക്കിയ എല്ലാ റൂട്ടുകളിലും നല്ല രീതിയിൽ യാത്രക്കാർ ഉണ്ടായിരുന്നു. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ കണ്ണൂരിൽ രാജ്യാന്തര യാത്രക്കാർ മാത്രം ഒരു ലക്ഷത്തിന് മുകളിലുണ്ടായിരുന്നു.

സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസിന് രാജ്യാന്തര റൂട്ടിൽ അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, ബഹ്റൈൻ, കുവൈത്ത്, ദമാം, റാസൽഖൈമ, മസ്‌കത്ത് റൂട്ടുകളിൽ ആഴ്ചയിൽ 96 സർവീസുകളാണ് ഉണ്ടായിരുന്നത്. വിന്റർ ഷെഡ്യൂളിൽ 54 സർവീസ് ആയി കുറയും. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് വെട്ടിച്ചുരുക്കിയ സർവീസുകൾ മംഗലപുരം, ലക്നൗ, ജയ്‌പുർ തുടങ്ങിയ  സ്‌ഥലങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.

കണ്ണൂർ, വടകര, കൊയിലാണ്ടി, കാസർകോട് മേഖലകളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് ഇനി ജിദ്ദയിലേക്ക് പോകാൻ വേണ്ടി മംഗലാപുരത്തേക്ക് പോകേണ്ടി വരും. കണ്ണൂരിൽ നിന്ന് ആഴ്ചയിൽ 2 സർവീസ് മാത്രമാണ് ജിദ്ദയിലേക്ക് ഉണ്ടായിരുന്നത് എങ്കിലും 95 ശതമാനത്തിന് മുകളിൽ യാത്രക്കാർ ഓരോ സർവീസിലും ഉണ്ടായിരുന്നു. ടിക്കറ്റ് നിരക്ക് 40,000 രൂപയ്ക്ക് മുകളിലെത്തിയപ്പോഴും യാത്രക്കാർ കുറഞ്ഞിരുന്നില്ല.

Previous Post Next Post