തിരുവനന്തപുരം :- അധികം വൈകാതെ ഒരു മലയാളി ബഹിരാകാശത്തേക്ക് പോകുമെന്ന് ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ഗഗൻയാൻ ദൗത്യത്തിനുള്ള സംഘാംഗവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരുവനന്തപുരം ഐഐഎസ്ടിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയപ്പോഴാണ് അദേഹത്തിന്റെ പ്രതികരണം. ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ മുതിർന്നയാളാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഗഗൻയാൻ ഉൾപ്പടെയുള്ള ഐഎസ്ആർഒയുടെ വരുംകാല ബഹിരാകാശ ദൗത്യങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി കൂടിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ നോക്കിക്കാണുന്നത്.
പ്രശാന്ത് ബാലകൃഷ്ണൻ നായർ
അധികം വൈകാതെ ഇന്ത്യയുടെ സ്വന്തം ഗഗൻയാൻ പദ്ധതി യാഥാർഥ്യമാകുമെന്നും ചന്ദ്രനിൽ ഒരിന്ത്യക്കാരനെത്തുന്ന നാൾ വിദൂരമല്ലെന്നും പ്രശാന്ത് ബാലകൃഷ്ണൻ നായർ പറഞ്ഞു. ഇന്ത്യൻ വ്യോമസേനയിൽ സഹപ്രവർത്തകനും ഗഗൻയാൻ സംഘത്തിലെ അംഗവുമായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിൽ ബഹിരാകാശത്ത് പോയപ്പോൾ തനിക്ക് ഭൂമിയിൽ കാത്തിരിക്കേണ്ടിവന്നെങ്കിലും അതിൽ പ്രശാന്തിന് സന്തോഷം മാത്രമേയുള്ളൂ. തിരുവനന്തപുരം ഐഐഎസ്ടിയിൽ കുട്ടികളുമായി സംവദിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് സംസാരിച്ചത്. ശുഭാംശു ശുക്ലയ്ക്കൊപ്പം ആക്‌സിയം 4 ദൗത്യത്തിനായി പരിശീലിച്ച പ്രശാന്ത് ബാലകൃഷ്ണൻ നായർ ആ ദൗത്യത്തിന്റെ പിന്നണിയിൽ സുപ്രധാന പങ്കുവഹിച്ചയാളുമാണ്.
ആക്‌സിയം 4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ ശുഭാംശു ശുക്ലയുടെ ബാക്കപ്പായി നാസയിൽ പരിശീലനത്തിലുണ്ടായിരുന്നയാളാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. ആക്സിയം ദൗത്യത്തിനായി മാസങ്ങളോളം ശുഭാംശുവും പ്രശാന്തും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലും, സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് എക്‌സിലും പരിശീലനത്തിലുണ്ടായിരുന്നു. ആക്സിയം 4 ദൗത്യ വിക്ഷേപണത്തിന് പ്രശാന്ത് ബാലകൃഷ്ണൻ നായർ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നേരിട്ട് സാക്ഷിയായിരുന്നു. നാസയുമായി സഹകരിച്ച് ആക്‌സിയം എന്ന സ്വകാര്യ കമ്പനിയായിരുന്നു ആക്‌സിയം 4 ദൗത്യം നടത്തിയത്. പ്രതിരോധരംഗത്തെ ഇന്ത്യ-അമേരിക്കൻ സഹകരണത്തിന്റെ ഭാഗമായാണ് ശുഭാംശുവിന് ആക്സിയം 4 ദൗത്യത്തിൽ ഐഎസ്എസ് സന്ദർശിക്കാൻ അവസരം ലഭിച്ചത്.
ഗഗൻയാൻ മനുഷ്യ ദൗത്യം 2027
ഇന്ത്യക്കാരായ മൂന്ന് പേരെ ഇസ്രായുടെ സ്വന്തം ബഹിരാകാശ വാഹനത്തിൽ ഇന്ത്യയിൽ നിന്ന് തന്നെ വിക്ഷേപിച്ച് ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ബഹിരാകാശ ദൗത്യമാണ് ഗഗൻയാൻ. 2027-ൽ സ്വന്തം പേടകത്തിൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഇസ്സൊ പദ്ധതിയിടുന്നത്. ഇവർ മൂന്ന് ദിവസം 400 കിലോമീറ്റർ അകലെയുള്ള ലോ-എർത്ത് ഓർബിറ്റിൽ ചിലവഴിക്കും. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി വ്യോമിത്ര റോബോട്ടിനെ (Vyom Mitra) ആളില്ലാ പരീക്ഷണ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് ഇന്ത്യ അയക്കും. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഇന്റഗ്രേറ്റഡ് എയർഡ്രോപ് ടെസ്റ്റ് അടുത്തിടെ ഇസ്രാ വിജയിപ്പിച്ചിരുന്നു. ദൗത്യത്തിനായി ഐഎസ്ആർഒ തെരഞ്ഞെടുത്ത നാല് പേരിലുള്ളവരാണ് പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാംശു ശുക്ലയും. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായുള്ള മറ്റ് രണ്ടുപേർ. ഗഗൻയാൻ ദൗത്യത്തിനായി പരിശീലനങ്ങൾ തുടരുകയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ, ശുഭാംശു ശുക്ല, അംഗദ് പ്രതാപ്, അജിത് കൃഷ്‌ണൻ എന്നീ നാൽവർ സംഘം.
