കൊച്ചി :- അവയവദാനത്തിനു പുതിയ മാർഗരേഖ തയാറാക്കുന്നതിനുൾപ്പെടെ രൂപീകരിച്ച ഉപദേശക സമിതി രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേരണമെന്നും ഒരു മാസത്തിനുള്ളിൽ സർക്കാരിനു പ്രാഥമിക റിപ്പോർട്ടെങ്കിലും നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അവയവദാതാക്കളും സ്വീകർത്താക്കളും ചൂഷണത്തിനിരയാകുന്നതു തടയാൻ അംഗീകൃത സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
രണ്ടു വർഷത്തെ കാലാവധിയിൽ 2024 ഓഗസ്‌റ്റ് 20നാണ് ഉപദേശക സമിതി രൂപീകരിച്ചത്. ഒരു വർഷം കഴിഞ്ഞിട്ടും യോഗം പോലും ചേർന്നില്ല. യോഗം പോലും കൂടാതെ കാലാവധി പൂർത്തിയാക്കിയാൽ സമിതിയുടെ രൂപീകരണ ലക്ഷ്യം നേടാനാവില്ലെന്നു കോടതി പറഞ്ഞു. സമിതിക്കു പരിഗണിക്കാൻ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതാണു യോഗം ചേരാത്തതിനു കാരണമെന്നും പറയാൻ കഴിയില്ല. ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളും സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഹർജിയുടെ പകർപ്പ് സമിതിക്കു കൈമാറണമെന്നു കോടതി നിർദേശിച്ചു.
ഹർജിക്കാരന്റെ പിതാവ് വൃക്ക രോഗത്തെ തുടർന്നാണു മരിച്ചത്. മനുഷ്യത്വപരമായ അവയവ ദാനത്തിനു സന്നദ്ധരായവരുടെ പട്ടികയും രക്തഗ്രൂപ്പ് വിവരങ്ങളും നഷ്ടപരിഹാരവും സർക്കാർ പരസ്യപ്പെടുത്തണമെന്നും ഇടനിലക്കാരുടെ ചൂഷണം തടയാൻ ഇതു സഹായകമാകുമെന്നും ചൂണ്ടിക്കാട്ടിയാണു ഹർജി. 6 ആഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
