കോട്ടയ്ക്കൽ :- ജിഎസ്ടി പരിഷ്കരണത്തെ തുടർന്നുള്ള വിലക്കുറവ് ആയുർവേദ മരുന്നു വിപണിയിൽ പ്രതിഫലിച്ചു തുടങ്ങി. പേറ്റന്റ്, പ്രൊപ്രൈറ്ററി മരുന്നുകളുടെ വില 12 ശതമാനത്തിൽ നിന്ന് 5% ആയി. ആയുർവേദ വിധിപ്രകാരം കമ്പനികൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നവയാണ് പേറ്റന്റ്, പ്രൊപ്രൈറ്ററി മരുന്നുകൾ. മുറിവെണ്ണ, കർപ്പൂരാദി തൈലം, അശ്വഗന്ധ ചൂർണം തുടങ്ങിയവ ഉൾപ്പെടുന്ന ഈ വിഭാഗത്തിലെ 350 ലേറെ മരുന്നുകൾക്ക് വില കുറഞ്ഞു. പരമ്പരാഗത ആയുർവേദ കൂട്ടുകൾ പ്രകാരം നിർമിക്കുന്ന ക്ലാസിക്കൽ മരുന്നുകൾക്കു നേരത്തെയുണ്ടായിരുന്ന 5% ജിഎസ്ടി തുടരുന്നതിനാൽ വിലയിൽ മാറ്റമില്ല.
ദശമൂലാരിഷ്ടം, ച്യവനപ്രാശം, ചില യിനം ക്രീമുകൾ എന്നിവയെല്ലാം ഈ വിഭാഗത്തിലുൾപ്പെടുന്നു. ആയുർവേദ ഷാംപൂ, സോപ്പ് തുടങ്ങിയ ഉൽപന്നങ്ങളുടെ ജിഎസ്ടി 18% ത്തിൽ നിന്ന് 5 ആയി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കോട്ടയ്ക്കൽ, കഞ്ചിക്കോട്, നഞ്ചൻകോട് ഫാക്‌ടറികളിൽ ഉൽപാദിപ്പിക്കുന്ന പുതു ക്കിയ വിലയിലുള്ള മരുന്നുകൾ വിപണിയിലെത്തിയതായി സിഇഒ കെ.ഹരികുമാർ പറഞ്ഞു. നിലവിലുള്ള സ്റ്റോക്കിനു കൂടി ഇതു ബാധകമാകും. ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ കഴിയാത്ത വ്യാപാരികൾക്കുണ്ടാകുന്ന താൽക്കാലിക പ്രയാസം സ്റ്റോക്ക് തീരുന്നതോടെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
