ന്യൂഡൽഹി :- വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ ദയാഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ദയാഹർജി തള്ളിയ ശേഷം 7 ദിവസത്തിനുള്ളിൽ ശിക്ഷ നടപ്പാക്കണം, കോടതി വധശിക്ഷ നടപ്പാക്കാനുള്ള വാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞാൽ 7 ദിവസത്തിനുള്ളിൽ ദയാഹർജി നൽകണം, പുനഃപരിശോധനാ ഹർജി തള്ളി 7 ദിവസത്തിനുള്ളിൽ തടസ്സഹർജി നൽകണം തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നാണു കേന്ദ്രത്തിന്റെ ആവശ്യം.
വിഷയം ഒക്ടോബർ എട്ടിനു കോടതി പരിഗണിക്കും. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികളുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നു വ്യക്തമാക്കിയാണു 2014ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മാർഗരേഖ നൽകിയത്. ദയാഹർജി തള്ളിയ ശേഷം 14 ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാൻ പാടുള്ളൂ എന്ന തുൾപ്പെടെയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. വിഷയം ഇന്നലെ ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ പരാമർശിച്ചു. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ ശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാകാൻ കാരണമാകുന്നുവെന്നു അഡിഷനൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് വാദിച്ചു.
