തിരുവനന്തപുരം :- അക്ഷയ സെൻ്ററുകൾ വഴിയുള്ള ഓൺലൈൻ സേവനങ്ങൾ റേഷൻ കടകളിലും ലഭ്യമാക്കുന്നു. കെ-സ്റ്റോർ വഴിയാണ് ഇതിന് സൗകര്യമൊരുക്കുകയെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഓണം കഴിഞ്ഞാൽ സംസ്ഥാനത്തെ 14,000 റേഷൻകടകളും കെ-സ്റ്റോറാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ കെസ്റ്റോർ വലിയ ചലനമുണ്ടാക്കും.
10,000 രൂപ വരെയുള്ള ബാങ്ക് ഇടപാട് കെ-സ്റ്റോർ വഴി നടത്താനാവും. അഞ്ചു കിലോഗ്രാമിന്റെ പാചകവാതക സിലിൻഡറും മിൽമ ഉത്പന്നങ്ങളും ലഭിക്കും. ആധാർ, പെൻഷൻ, ഇൻഷുറൻസ്, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ ഓൺലൈൻ സേവനങ്ങളെല്ലാം കെ-സ്റ്റോറിൽ ഉറപ്പാക്കും. നിലവിൽ 2300 റേഷൻകടകൾ കെസ്റ്റോറായെന്നും മന്ത്രി പറഞ്ഞു.