മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം കഥകളി ഉത്സവം ; ഇന്ന് കല്യാണ സൗഗന്ധികം ആദ്യ ഭാഗം


ഇരിട്ടി :- മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ കോട്ടയത്ത് തമ്പുരാൻ കഥകളി ഉത്സവത്തിൽ ചൊവ്വാഴ്ച രാവിലെ ചൊല്ലിയാട്ടവും വൈകീട്ട് കിർമീരവധം രണ്ടാം ഭാഗത്തിന്റെ അവതരണം നടന്നു. കോട്ടക്കൽ സി.എം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം സുദീപ്, കലാമണ്ഡലം ആഷിക്ക് (വേഷം), കലാമണ്ഡലം വിനോദ്, കോട്ടക്കൽ വിനീഷ്, കലാമണ്ഡലം വിനീഷ് (പാട്ട്), കലാമണ്ഡലം ശ്രീരാഗ് മനോജ് (ചെണ്ട), കലാമണ്ഡലം നാരായണൻ (മദ്ദളം) എന്നിവർ ചേർന്ന് നടത്തിയ ചൊല്ലിയാട്ടം. ആസ്വാദകരുടെ കൈയടി നേടി.

കിർമീരവധം കഥയിൽ ലളിതയായി കലാമണ്ഡലം ശിവദാസും പാഞ്ചാലിയായി കലാമണ്ഡലം വിഘേശും വേഷമിട്ടു. പിന്നണിയിൽ കലാമണ്ഡലം വിനോദും കലാനിലയം രാജീവ് സംഗീതവും കലാമണ്ഡലം വേണുമോഹൻ ചെണ്ടയും കലാമണ്ഡലം ഹരിദാസ് മദ്ദളവും കലാമണ്ഡലം രാജേഷ്, ബാലൻ, രാമകൃഷ്ണൻ, ഷാജി എന്നിവർ അണിയറയിലും പ്രവർത്തിച്ചു. ബുധനാഴ്ച കല്യാണ സൗഗന്ധികം ആദ്യഭാഗം അവതരിപ്പിക്കും. മഹാഭാരതത്തിലെ വനപർവത്തിലാണ് കല്യാണ സൗഗന്ധികം ഇതിവൃത്തമുള്ളത്. കോട്ടയത്ത് തമ്പുരാന്റെ മൂന്നാമത് ആട്ടക്കഥയാണ് കല്യാണസൗഗന്ധികം. ബുധനാഴ്ച രാവിലെ വിദ്യാർഥികളുമായുള്ള കഥകളി കലാകാരന്മാരുടെ സംവാദവുമുണ്ടാകും.

Previous Post Next Post