കൊച്ചി :- ആഗോള കാപ്പി വിപണിയിൽ വില വർധിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ കേരളത്തിലെ കാപ്പി കർഷകർ. ബ്രസീൽ, വിയറ്റ്‌നാം തുടങ്ങിയ പ്രധാന ഉത്പാദന രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതിനാൽ ആഗോള വിപണിയിൽ കാപ്പിക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇക്കാരണത്താൽ എല്ലാത്തരം കാപ്പിയുടെയും വില ഗണ്യമായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബർ 15-ന് അന്താരാഷ്ട്ര വിപണിയിൽ റോബസ്റ്റ കാപ്പിയുടെ വില 4,842 ഡോളറിൽ എത്തിയിരുന്നു. കയറ്റുമതി അധിഷ്ഠിതമായി കൃഷി നടത്തുന്ന രാജ്യത്തെ കാപ്പി കർഷകർക്കും സ്വാഭാവികമായി അതിൻ്റെ ഗുണം ലഭിക്കേണ്ടതാണ്. പ്രത്യേകിച്ച് റോബസ്റ്റ പ്രധാന വിളയായ, കാപ്പികൃഷിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ കർഷകർക്ക്.
ഇന്ത്യൻ റോബസ്റ്റയിലെ ചില ഗ്രേഡുകൾക്ക് എല്ലായ്പോഴും ഉയർന്ന വില ലഭിക്കാറുണ്ട്. ഒരു ടൺ മൊത്തം കാപ്പിയിൽ 65 മുതൽ 70 ശതമാനം വരെ വരുന്ന 'എ ബി ഗ്രേഡ്' റോബസ്റ്റ 'ചെറി' കാപ്പിക്ക്, ആഗോള വിപണിയിൽ ഒരു ടണ്ണിന് 850 ഡോളർ വരെ ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാൽ, കേരളത്തിലെ, പ്രത്യേകിച്ച് വയനാട്ടിലെ കാപ്പി കർഷകർക്ക് ഒരു ചാക്ക് (54 കിലോ) റോബസ്റ്റ 'ചെറി' കാപ്പിക്ക് കുറഞ്ഞത് 14,000 രൂപയെങ്കിലും ലഭിക്കേണ്ടതുണ്ട്. എന്നാൽ, നിലവിലെ ഉയർന്ന വില 13,000 രൂപ മാത്രമാണ്.
വൻകിട കയറ്റുമതിക്കാർ ന്യായമായ വില നൽകി കാപ്പി വാങ്ങാൻ താത്പര്യം കാണിക്കുന്നില്ല എന്നതാണ് പ്രശ്നം. ആവശ്യത്തിന് ഓർഡറുകൾ ലഭിക്കുന്നില്ല എന്നാണ് കയറ്റുമതിക്കാർ നൽകുന്ന വിശദീകരണമെന്ന് കോഫി ബോർഡ് മുൻ വൈസ് ചെയർമാനും വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ അംഗവുമായ എം.ആർ ഗണേഷ് പറഞ്ഞു. ആയിരം രൂപയുടെ വ്യത്യാസത്തിൽ കച്ചവടം നടത്തുന്നത് കേരളത്തിലെ 99 ശതമാനം വരുന്ന ചെറുകിട കർഷകർക്ക് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
