കൊച്ചി :- ഹൈക്കോടതിയിൽ നൽകുന്ന കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും അടുത്ത മാസം 6 മുതൽ വാട്‌സാപ്പിലും ലഭിക്കും. ഹൈക്കോടതിയുടെ കേസ് മാനേജ്മെന്റ് സംവിധാനത്തിൽ (സിഎംഎസ്) വാട്സാപ് മെസേജിങ്ങുംകൂടി ചേർത്താണു പുതിയ സൗകര്യം ലഭ്യമാക്കിയത്. ദ് ഹൈക്കോർട്ട് ഓഫ് കേരള' എന്ന ഐഡിയിൽ നിന്നു മാത്രമായിരിക്കും സന്ദേശം അയയ്ക്കുക. മറ്റ് ഐഡികളിൽ നിന്നുള്ള സന്ദേശങ്ങളുടെ കാര്യത്തിൽ ജാഗ്രതവേണമെന്നും ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ ഉത്തരവിൽ പറയുന്നു.
വിവരങ്ങൾ കൈമാറുന്നതിനു ള്ള മറ്റൊരു ഉപാധിയെന്ന രീതിയിലാണു വാട്‌സാപ് മെസേജിങ് പരിഗണിക്കേണ്ടതെന്നും നോട്ടിസുകൾ/സമൻസുകൾ എന്നിവയ്ക്കു പകരമാവില്ലെന്നും ഉത്തരവിലുണ്ട്. ഇ- ഫയലിങ്ങിലെ പിഴവുകൾ, കേസ് ലിഫ്റ്റിങ് വിശദാംശങ്ങൾ, നടപടികൾ, പ്രസക്തമായ മറ്റ് അപ്ഡേറ്റുകൾ തുടങ്ങിയവും വാട്‌സാപ് സന്ദേശങ്ങൾ വഴി ലഭ്യമാക്കും. ഘട്ടം ഘട്ടമായാണു നടപ്പാക്കുന്നതെന്നും അറിയിച്ചു. ഡിജിറ്റൈസേഷനു ഹൈക്കോടതിക്കു സംസ്ഥാന സർക്കാരിന്റെ ഇ- ഗവേണൻസ് അവാർഡ് ലഭിച്ചിരുന്നു.
