കാസർഗോഡ് :- മൂല്യവർധിത കൈത്തറി ഉത്പന്നങ്ങൾക്ക് ഇനി കേരള കൈത്തറി മുദ്ര 'ക' ബ്രാൻഡിങ് സ്വന്തമാക്കാം. കൈത്തറി ഉത്പന്നങ്ങളുടെ നിർമാണത്തിൽ നിലവാരം ഉറപ്പാക്കുകയും വിപണിസാധ്യത മെച്ചപ്പെടുത്തുകയുമെന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് ബ്രാൻഡിങ് നടപ്പാക്കിയെങ്കിലും രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾക്ക് ഇപ്പോഴാണ് അംഗീകാരമായത്. കൈത്തറിവസ്ത്ര നിർമാണം നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, പ്രാഥമിക കൈത്തറി സംഘങ്ങൾ, വ്യാവസായിക സംഘങ്ങൾ എന്നിവയ്ക്കും 'ക' ലഭിക്കുന്നതിന് അപേക്ഷിക്കാം.
പരുത്തി, പട്ട്, കമ്പിളി തുടങ്ങിയ പ്രകൃതിദത്തനാരുകൾ ഉപയോഗിച്ച് സംസ്ഥാനത്ത് കൈത്തറി ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്. ഇതിൽ ചില ഉത്പന്നങ്ങൾക്ക് ഭൗമസൂചിക അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുചിലത് 1985-ലെ കൈത്തറി സംവരണ നിയമപ്രകാരം കൈത്തറിയിൽ മാത്രം ഉത്പാദിപ്പിക്കാൻ അനുമതിയുള്ളതാണ്. നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഇവയെ സ്റ്റാൻഡേഡൈസ് ചെയ്തിട്ടുമുണ്ട്. ഈ ഉത്പന്നങ്ങൾ ക്രമേണ കേരള കൈത്തറിമുദ്ര പദ്ധതിയിൽ ഉൾപ്പെടുത്തും. കൈത്തറി, വസ്ത്ര ഡയറക്ടറു ടെ നേതൃത്വത്തിലുള്ള സമിതി അവലോകനം നടത്തി പുതിയ ഉത്പന്നങ്ങൾ പട്ടികയിൽ ചേർക്കുകയും ചെയ്യും.
കേരള കൈത്തറിമുദ്ര രജിസ്ട്രേഷന് 500 രൂപ ഫീസും സേവനനികുതിയും നൽകി വേണം അപേക്ഷിക്കാൻ. രജിസ്ട്രേഷനായി രൂപവത്കരിച്ച ജില്ലാതല സമിതി നിർമാണകേന്ദ്രങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും രജിസ്ട്രേഷൻ അനുവദിക്കുക. ഉത്പന്നങ്ങളുടെയും നെയ്ത്തുകാരുടെയും വിവരങ്ങൾ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന രീതിയിലുള്ള ലോഗോയുടെ സോഫ്റ്റ് കോപ്പി രജിസ്റ്റർ ചെയ്ത ഉപയോക്താ ക്കൾക്ക് നല്ലും. ഈ ലോഗോ അവർക്ക് ഉപയോഗിക്കാം. രജിസ്ട്രേഷന് മൂന്നുവർ ഷമാണ് കാലാവധി. നടപടിക്രമങ്ങൾ പാലിച്ച് പുതുക്കാം. ലോഗോ ദുരുപയോഗിക്കുകയോ ഉത്പന്നങ്ങളുടെ സ്പെസിഫി ക്കേഷനിൽ മാറ്റം വരുത്തുകയോ ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കും.
കേരള കൈത്തറിമുദ്ര ഔദ്യോഗിക ട്രേഡ്‌മാർക്കായി രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയുടെ (ഐഐഎച്ച്‌ടി) സഹായത്തോടെ നടപടി തുടങ്ങി. ബ്രാൻഡിങ്ങിനായി ഇതുവരെ 59 സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
