മെഡിസെപ്പിലെ പരാതികൾ പരിഹരിക്കാൻ ത്രിതല സംവിധാനം ഒരുക്കുന്നു


തിരുവനന്തപുരം :- സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പരാതികൾക്കു പരിഹാരം കാണാൻ ത്രിതല സംവിധാനം ഒരുക്കും. ജില്ല, സംസ്ഥാനതല സമിതികൾക്കു പുറമേ അപ്ലറ്റ് അതോറിറ്റിയും ഉണ്ടാകും. നിലവിൽ ഇത്തരം സമിതികൾ ഉണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസറും ഏതാനും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതിയാണു നിലവിലുള്ളത്. പുതിയ കരാർ നവംബർ ഒന്നിനു നിലവിൽ വരുമ്പോൾ സമിതിയുടെ ഘടന മാറും. 

എല്ലാ സമിതിയിലും സർക്കാർ, സ്വകാര്യ ആശുപത്രി പ്രതിനിധികളും കരാർ എടുത്തിരിക്കുന്ന കമ്പനിയായ ഓറിയൻ്റൽ ഇൻഷുറൻസിൻ്റെ പ്രതിനിധിയും ഉണ്ടാകും. കവറേജ്, ചികിത്സാ പാക്കേജ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജീവനക്കാർക്കും പെൻഷൻകാർക്കും ഒട്ടേറെ പരാതികൾ ഉണ്ടെങ്കിലും നിലവിലെ സംവിധാനത്തിൽ അതിനു സമയത്തു പരിഹാരം കാണാറില്ല. അതിനാൽ, പരാതിപരിഹാര സെല്ലിലെ അപേക്ഷകളും കുറവായിരുന്നു. പദ്ധതി ആരംഭിച്ചിട്ടു 3 വർഷം കഴിഞ്ഞെങ്കിലും 7918 പരാതികളാണു ലഭിച്ചത്. ഇതിൽ പരിഹരിച്ചത് 6623 പരാതികൾ.

Previous Post Next Post