താവം, പാപ്പിനിശ്ശേരി മേൽപാലങ്ങളുടെ തകരാർ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

 


തിരുവനന്തപുരം : കണ്ണൂർ ജില്ലയിലെ അഴീക്കോട്, കല്ല്യാശ്ശേരി നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാപ്പിനിശ്ശേരി - പിലാത്തറ കെഎസ്ടിപി റോഡിലെ രണ്ട് റെയിൽവേ മേൽപാലങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തകരാറുകൾ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി.

2013 ൽ ഭരണാനുമതി ലഭിച്ച പാപ്പിനിശ്ശേരി, പിലാത്തറ കെഎസ്ടിപി റോഡിൻറെ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് പാപ്പിനിശ്ശേരിയിലും പഴയങ്ങാടി താവത്തും റെയിൽവേ മേൽപാലങ്ങൾ പണിതത്. 2018 ലാണ് പ്രവൃത്തി പൂർത്തിയാകുന്നത്. മേൽപാലങ്ങളിൽ തുടർച്ചയായി തകരാറുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വിഷയം  എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ എന്നിവർ മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരികയും തിരുവനന്തപുരത്ത് ഉന്നത തല  യോഗം ചേരുകയുമായിരുന്നു. 

മേൽപാലം നിർമ്മാണത്തിൽ പ്രാഥമികമായി തന്നെ വീഴ്ച കണ്ടെത്തിയതിനാൽ, പാലത്തിലുണ്ടാകുന്ന തകരാറുകൾക്ക് പൂർണമായും പരിഹാരം കാണുവാൻ  പാലക്കാട് എൻഐടിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. കൂടാതെ സെപ്റ്റംബർ 20 ന് കെഎച്ച്ആർഐ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം, കെഎസ്ടിപി ഉദ്യോഗസ്ഥർ എന്നിവർ പാലങ്ങളിൽ സംയുക്ത പരിശോധന നടത്തുവാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം പാലം ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും മന്ത്രി നിർദ്ദേശം നൽകി. 

എംഎൽഎമാരായ കെ വി സുമേഷ്, എം വിജിൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കെഎസ്ടിപി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Previous Post Next Post