ജോലി സമ്മർദം ഉൾപ്പടെ കാരണങ്ങൾ ; പോലീസിൽ സ്വയംവിരമിക്കൽ അപേക്ഷ കൂടുന്നു


കൊല്ലം :- പോലീസിൽ സ്വയംവിരമിക്കൽ അപേക്ഷ (വിആർഎസ്) കുന്നുകൂടുന്നു. ജോലി സമ്മർദം അടക്കമുള്ള കാരണങ്ങളാൽ സ്വയം വിരമിക്കൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ പിന്തിരിപ്പിക്കാൻ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ കടുത്തസമ്മർദം തുടർന്നിട്ടും അപേക്ഷകരുടെ എണ്ണം അഞ്ഞൂറുകടന്നതായാണ് വിവരം. സിപിഒമുതൽ ഡിവൈഎസ്‌പിമാർ വരെയുള്ളവർ ഇതിലുണ്ട്. നാലും അഞ്ചും തവണ അപേക്ഷ നൽകിയിട്ടും സ്വീകരിക്കാത്ത കേസുകളുമുണ്ട്.

2019 മുതൽ പോലീസ് സേനയിൽ സ്വയം വിരമിക്കൽ അപേക്ഷകരുടെ എണ്ണം കുതിച്ചുയരുകയും 2023-ൽ സർവകാല റെക്കോഡിലെത്തുകയും ചെയ്തിരുന്നു. ഈ സമയത്ത്, പ്രശ്നപരിഹാരത്തിനായി ഒരു ദിവസത്തെ ക്ലാസ് നടത്തി. ഒരു കൊല്ലം മുൻപ് 'കാവൽ കരുതൽ' എന്നപേരിൽ ഇതിനായി പുതിയ പദ്ധതി തുടങ്ങുകയും ചെയ്തു. പോലീസ് സ്റ്റേഷൻമുതൽ എഡിജിപിയുടെ ഓഫീസിൽവരെ കമ്മിറ്റികൾ രൂപവത്കരിക്കാനും എല്ലാ വെള്ളിയാഴ്ചയും യോഗം ചേർന്ന് ചർച്ചചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കാനുമായിരുന്നു നിർദേശം . ഇപ്പോൾ അപേക്ഷ നൽകുന്നവരെ ഉയർന്ന ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയ്ക്കു വിളിച്ച്, നേരിട്ട് ഉപദേശിക്കുന്നുണ്ട്. ജോലിക്കുറവുള്ളയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റവും മറ്റും വാഗ്ദാനം ചെയ്യുകയും പതിവാണ്. എന്നിട്ടും അപേക്ഷകൾ കുറയുന്നില്ല.

Previous Post Next Post