മട്ടന്നൂർ :- പ്രവാസി യാത്രക്കാർക്കു തിരിച്ചടിയായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ദമാം റൂട്ടിലെ എല്ലാ സർവീസുകളും നിർത്തുന്നു. യാത്രക്കാർ കുറവായതിനാൽ സർവീസ് നിർത്തുന്നുവെന്നാണ് അധികൃതർ പറയുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയും ഒരേസമയത്താണു സർവീസ് അവസാനിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ദമാം സർവീസിൽ ഈ മാസം 20നു ശേഷമുള്ള ടിക്കറ്റ് ബുക്കിങ് നിർത്തി. ഇൻഡിഗോയും ഈ മാസം 19നു ശേഷം ദമാമിലേക്കു സർവീസ് നടത്തുന്നില്ല.
ടിക്കറ്റ് ബുക്കിങ് രണ്ടാഴ്ച മുൻപേ വെബ്സൈറ്റിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. കൂടുതൽ സർവീസും 80 ശതമാനത്തിലധികം യാത്രക്കാരെയും വഹിച്ചാണു യാത്ര നടത്തിയത്. എന്നാൽ രണ്ട് എയർ ലൈനും സർവീസ് നിർത്തുന്നത് തടയാൻ കിയാലിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്നു യാത്രക്കാർ ആരോപിച്ചു. ദമാം സർവീസ് അവസാനിപ്പിക്കുന്നതിനു പുറമേ എയർ ഇന്ത്യ എക്സ്‌പ്രസ് കണ്ണൂർ-മുംബൈ റൂട്ടിൽ പുനരാരംഭിച്ച ടിക്കറ്റ് ബുക്കിങ് നിർത്തുകയും കണ്ണൂർ ബെംഗളൂരു സർവീസ് ആഴ്ചയിൽ 4 ദിവസമായി ചുരുക്കുകയും ചെയ്തു.
