സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ്പിൽ ഉൾപ്പെടുത്തും, ആർക്കും ഒഴിയാനാവില്ല


തിരുവനന്തപുരം :- സംസ്‌ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഒരു വിഭാഗത്തെയും ഒഴിവാക്കാനാവില്ലെന്നു ധനവകുപ്പ് വ്യക്തമാക്കി. സർവീസ് പെൻഷനേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണു ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. മെഡിസെപ്പിൽ ചേരാൻ ഓപ്ഷൻ വേണമെന്നാണു ജീവനക്കാരുടെയും പെൻഷൻകാരുടെയും ആവശ്യം.

ഒരു കുടുംബത്തിൽ ഒന്നിലേറെ ജീവനക്കാരും പെൻഷൻകാരും ഉള്ളപ്പോൾ എല്ലാവരിൽ നിന്നും പ്രീമിയം ഈടാക്കുന്നതു ശരിയല്ലെന്നാണു സംഘടനകളുടെ വാദം. എന്നാൽ ഇഎസ്ഐ ഉൾപ്പെടെ, കേന്ദ്ര ഇൻഷുറൻസുകളിലെല്ലാം എല്ലാവരെയും ഉൾപ്പെടുത്താറുണ്ടെന്നായിരുന്നു ചർച്ചയിലെ മറുപടിയെന്ന് അസോസിയേഷൻ പ്രസിഡൻ്റ് എം.പി വേലായുധൻ പറഞ്ഞു. 

എംപാനൽ ചെയ്യുന്ന ആശുപത്രികളിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലും ഇൻഷുറൻസ് ബാധകമാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പുതിയ കരാർ നേടിയ ഓറിയൻ്റൽ ഇൻഷുറൻസുമായി പ്രീമിയം ഉൾപ്പെടെയുള്ളവയിൽ ചർച്ച പുരോഗമിക്കുന്നു. നിലവിൽ പ്രീമിയം 500 രൂപയാണ്. ഇത് 750 രൂപയാക്കാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ, ഇതുപോരെന്നും തുക വർധിപ്പിക്കണമെന്നുമാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം. പുതിയ കരാർ നവംബർ 1 മുതൽ നടപ്പാക്കാനാണു തീരുമാനം.

Previous Post Next Post