ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സർക്കാർ


തിരുവനന്തപുരം :- ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സർക്കാർ. ഏകവർണ പതാക, രാഷ്ട്രീയ സംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മതസാമുദായിക സ്പർധയുണ്ടാക്കുന്നതും വളർത്തുന്നതുമായ പ്രചാരണ സാധനങ്ങൾ തുടങ്ങിയവയും പാടില്ലെന്ന് ദേവസ്വം വകുപ്പ് കർശന നിർദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും സർക്കാരിന്റെ സാമ്പത്തിക സഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങൾക്കാണിത് ബാധകം.

വിവിധ ഘട്ടങ്ങിൽ ഹൈക്കോടതി നൽകിയ നിർദേശങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാരിന്റെ കടുത്തനിലപാട്. ഉത്സവകാലത്തും ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തൃശ്ശൂർ തേക്കിൻകാട് മൈതാനം പൊതുപരിപാടികൾക്ക് താത്കാലികമായി വാടകയ്ക്ക് നൽകുമ്പോൾ ക്ഷേത്ര ചുറ്റുമതിലിനു പുറത്തുള്ളതും ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ളതുമായ സ്ഥലത്തോ കെട്ടിടങ്ങളിലോ ദേവസ്വം കമ്മിഷണറുടെയോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയോ അനുമതിയോടെ മാത്രമേ കൊടിയോ തോരണങ്ങളോ അനുവദിക്കൂ. സർക്കാർ നിർദേശങ്ങളടങ്ങിയ സർക്കുലർ എല്ലാവർക്കും കാണത്തക്കവിധം ക്ഷേത്രങ്ങളിൽ പ്രദർശിപ്പിക്കണം.

Previous Post Next Post