KSEB യുടെ സ്മാർട്ട് മീറ്ററുകൾ എത്തി ; തെരുവുവിളക്കുകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആദ്യഘട്ടത്തിൽ ഘടിപ്പിക്കും


കണ്ണൂർ :- കേരളം മുഴുവൻ കെഎസ്ഇബി സ്മാർട്ട് മീറ്റർ ഘടിപ്പിക്കും. ആദ്യഘട്ടം ഒരുലക്ഷം സ്മാർട്ട് മീറ്ററുകൾ എത്തി. തെരുവുവിളക്കുകളിലും തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലും ആദ്യം വെക്കും. കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ ആൻഡ് മീറ്റർ ടെസ്റ്റിങ് റിപ്പയറിങ് (ടിഎംആർ) യൂണിറ്റുകളിൽ നിന്നാണ് വിതരണം. ഈ മാസം അവസാനത്തോടെ ആദ്യഘട്ടം പ്രവർത്തന സജ്ജമാക്കും. ഓഗസ്റ്റിൽ നടത്തിയ പൈലറ്റ് പദ്ധതിക്ക് ശേഷമാണ് കേരളത്തിലെ 776 സെക്ഷൻ ഓഫീസുകളിൽ ഇത് നടപ്പാക്കുന്നത്.

സബ് സ്റ്റേഷനുകളിലെ ഫീഡർ മീറ്റർ, ഹൈടെൻഷൻ ലൈൻ, ട്രാൻസ് ഫോർമറുകളിൽ ഉൾപ്പെടെ സ്മാർട്ട് മീറ്ററുകൾ തുടർന്ന് ഘടിപ്പിക്കും. അതിന് ശേഷം ഗാർഹിക ഉപഭോക്താക്കളിലേക്ക് എത്തും. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളും കോഴിക്കോട് ജില്ലയുടെ ഭാഗവും ഉൾക്കൊള്ളുന്ന കണ്ണൂർ ടിഎംആർ യൂണിറ്റിൽ ആദ്യഘട്ടം എത്തിയ 7500 സ്മാർട്ട് മീറ്ററുകൾ വിതരണം ചെയ്തു. ഇസമാകോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മീറ്ററുകളാണ് എത്തിയത്. ഈസിയ സോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡ് ആണ് കരാർ എടുത്ത മറ്റൊരു കമ്പനി.

വൈദ്യുതിയുടെ അളവ് രേഖപ്പെടുത്താൻ ഡിജിറ്റൽ മീറ്ററുകളാണ് വൈദ്യുതിവകുപ്പ് നിലവിൽ ഉപയോഗിക്കുന്നത്. ഇതിൻ്റെ പരിഷ്കരിച്ച മാതൃകയാണ് സ്മാർട്ട് മീറ്ററുകൾ. സിം കാർഡ് അടക്കം അതിൽ ഉപയോഗിക്കുന്നു. നിലവിലുള്ള സിംഗിൾ ഫെയ്‌സ് മീറ്ററുകൾക്ക് പകരമാണ് സ്മാർട്ട് മീറ്റർ വെക്കുന്നത്. മീറ്റർ റീഡിങ്ങിന് നേരിട്ട് പോകേണ്ട എന്നതാണ് പ്രത്യേകത. ഇത് കെഎസ്ഇബിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തും. പ്രീപെയ്‌ഡ്‌ മൊബൈൽ ഫോൺ സിംകാർഡ് ചാർജ് ചെയ്യുന്നതുപോലെ വൈദ്യുതിനിരക്ക് ചാർജ് ചെയ്ത് ഉപയോഗിക്കാം. ഒറ്റ ക്ലിക്കിൽ കേരളത്തിൻ്റെ മുഴുവൻ വൈദ്യുതി ലോഡും കണക്കാക്കാം. ലോഡ് ഷെഡിങ് നിയന്ത്രണം, അധിക ലോഡ് വന്നാൽ അറിയിപ്പ് നൽകി വൈദ്യുതിബന്ധം വിച്ഛേദിക്കൽ ഉൾപ്പെടെ ഇതിലൂടെ നടക്കും.

സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ മിക്ക സംസ്ഥാനങ്ങളും ടോട്ടക്സ് (മൊത്തം ചെലവ്) മാതൃകയാണ് സ്വീകരിച്ചത്. എന്നാൽ കേന്ദ്രസർക്കാർ നിശ്ചയിച്ച രീതിയിൽ നിന്ന് മാറി കേരളം കാപെക്സ് രീതിയാണ് നടപ്പാക്കിയത്. സ്വകാര്യ കരാറുകാർ സ്മാർട്ട് മീറ്റർ സ്ഥാപിച്ച്, പരിപാലനം ഉൾപ്പെടെ പണം പിരിച്ച് നടപ്പാക്കുന്നതാണ് ടോട്ടക്സ് രീതി. മൂലധന നിക്ഷേപവും വരുമാനവും കെഎസ്ഇബിയുടെ നിയന്ത്രണത്തിൽ നിലനിർത്തുന്ന കാപെക്സ് മാതൃകയാണ് കേരളം നടപ്പാക്കുന്നത്. സ്മാർട്ട് മീറ്ററുകൾക്കായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ച് രണ്ട് കമ്പനികൾക്കാണ് കരാർ നൽകിയത്.

Previous Post Next Post