കമ്പിൽ :- കമ്പിൽ ടൗണിൽ നിന്നും ചെറുക്കുന്നിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. ഇതുമൂലം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്. സാധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന ഓട്ടോറിക്ഷകൾ ചെറുക്കുന്നിലേക്ക് ഓട്ടം നിർത്തിവെക്കുമെന്ന അവസ്ഥയിലാണ്. കമ്പിൽ ടാക്കീസ് മുതൽ ചെറുക്കുന്ന് ചോയിച്ചേരി വയൽ വരെ വരുന്ന പ്രധാന റോഡ് 7 വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് താറിംഗ് പ്രവൃത്തി നടത്തിയതാണ്. ജൽജീവൻ മിഷ്യൻ പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുത്ത റോഡിന്റെ രണ്ട് ഭാഗങ്ങളിലും മെറ്റൽ നിരത്തിയെങ്കിലും താർ ചെയ്യാത്തതിനാൽ മെറ്റൽ അടർന്ന് റോഡിൽ യാത്രായോഗ്യമല്ലാതായിരിക്കുകയാണ്.
റോഡിന്റെ മധ്യഭാഗത്ത് പലയിടങ്ങളിലും റോഡ് തകർന്നിരിക്കുകയാണ്.
ചെറുക്കുന്ന് കൂനത്ത് മൂക്ക് അംഗൻവാടി റോഡ് പുനരുദ്ധാരണത്തിനായി എം.വി ഗോവിന്ദൻ മാസ്റ്റർ MLA 15 ലക്ഷം രൂപ അനുവദിക്കുകയും പഞ്ചായത്ത് LSGD എഞ്ചിനീയറിംഗ് വിഭാഗം എസ്റ്റിമേറ്റ് എടുത്ത് കരാർ നൽകുകയും ചെയ്‌തു. ഫെബ്രുവരി മാസം എഗ്രിമെന്റ് വെച്ചങ്കിലും പ്രവർത്തി തുടങ്ങുന്നതിൽ കരാറുകാരൻ കാണിച്ച അനാസ്ഥ റോഡിന്റെ പ്രവർത്തനം എവിടെയും എത്തിയില്ല. കോൺഗ്രീറ്റ് ചെയ്യുന്നതിനായി രണ്ട് ഭാഗത്തും ആണി കീറി മണ്ണ് എടുത്ത് മാറ്റുകയും എന്നാൽ കീറിയ ഭാഗത്ത് GSP നിരത്തി അമർത്തുകയുണ്ടായില്ല കനത്ത മഴയിൽ മണ്ണ് ഒലിച്ച് പോയി വലിയ ഗർത്തം രൂപപെട്ടിരുന്നു. സമീപത്തെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായി പല തവണ ബന്ധപ്പെട്ടെങ്കിലും അപകട ഭീഷണി ഒഴിവാക്കുന്നതിന് വേണ്ട ഒരു നടപടിയും കരാറുകാരന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
കമ്പിൽ ടൗൺ ചെറുക്കുന്ന് ലിങ്ക് റോഡിലെ അശാസ്ത്രീയമായ പ്രവർത്തി കാരണം കെട്ടിടങ്ങളിലും വീടുകളിലും വെള്ളം കയറുന്ന സ്ഥിതി ഉണ്ടായപ്പോൾ പഞ്ചായത്തിൽ പരാതി നൽകുകയും പഞ്ചായത്ത് ചർച്ച നടത്തി പരിഹാരം ഉണ്ടാക്കുകയും ചെയ്‌തിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പഞ്ചായത്ത്
അധികൃതർ ജനങ്ങൾക്ക് ഉറപ്പും നൽകിയെങ്കിലും റോഡ് പഴയ പടിയിൽ തന്നെയാണ്. ഇതേ റോഡിൽ ചോറൻ മുക്കിൽ തുടങ്ങിയ കൾവെർട്ടിന്റെ പ്രവൃത്തി പാതി വഴിയിലാണ്. ഇടവഴിക്കരികിൽ താമസിക്കുന്ന വീട്ടുകാർക്ക് കമ്പിൽ ബസാറിലും, ചെറുക്കുന്നിലും എത്തി ചേരാൻ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
ഇതുവഴിയുള്ള യാത്രയ്ക്ക് ഓട്ടോ ഡ്രൈവർമാർ അമിതചാർജ് ഈടാക്കുന്നതായി പരാതി. ചെറുക്കുന്ന് ചോയിച്ചേരി വയൽ കൊളച്ചേരി പഞ്ചായത്തിൻ്റെ അതിർത്തി വരെ ഒരു കിലോമീറ്റർ ദൂരം മാത്രമാണെന്നിരിക്കെ മിനിമം ചാർജായ 30 രൂപയിൽ നിന്നും 10 രൂപ അധികമായി ഈടാക്കി 40 രൂപ വാങ്ങുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ശോചനീയാവസ്ഥയിലൂടെയുള്ള യാത്രയിൽ മെയിന്റനെൻസ് ചാർജും മറ്റും കൂട്ടിയാണ് കൂടുതൽ വാങ്ങുന്നതെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു.
ചെറുക്കുന്ന് റോഡിൻ്റെ ശോചനീയാവസ്ഥയെ തുടർന്ന് ഇവിടേക്കുള്ള സർവീസുകൾക്ക് ഓട്ടോ ഡ്രൈവർമാർ 10 രൂപ അധികം ഈടാക്കുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇതുമൂലം സാധാരണക്കാരായ നാട്ടുകാർ പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതുജനങ്ങൾ നേരിടുന്ന ഈ പ്രശ്നത്തെ സംബന്ധിച്ച് CPIM ചെറുക്കുന്ന് ബ്രാഞ്ച് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് പരാതി നൽകിയിരുന്നു. റോഡ് അടിയന്തിരമായും ഗതാഗതയോഗ്യമാക്കണമെന്നും, അമിത ചാർജ് ഈടാക്കുന്നതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും CPIM ചെറുക്കുന്ന് ബ്രാഞ്ച് പഞ്ചായത്ത് പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു.
